വയനാട് ; വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എതിരാളികളെ നിഷ്പ്രഭരാക്കി റെക്കോര്‍ഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി വിജയിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്ന് 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. ഈ റെക്കോഡ് ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മറികടന്നത്. റെക്കോഡ് ഭൂരിപക്ഷത്തിന്റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു.
അഞ്ചു ലക്ഷം ഭൂരിപക്ഷത്തിന് പ്രിയങ്ക ജയിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ വോട്ടെടുപ്പിന് മുമ്പ് പറഞ്ഞിരുന്നതെങ്കിലും വോട്ടിങ് ശതമാനം കുറഞ്ഞതോടെ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, വോട്ടെണ്ണല്‍ തുടങ്ങിയതോടെ തന്നെ പ്രിയങ്കയുടെ ഭൂരിപക്ഷം നാലു ലക്ഷം കടക്കുമെന്ന് വ്യക്തമായിരുന്നു. 617942 വോട്ടുകളാണ് പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എല്‍ഡിഎഫിന്റെ സത്യന് മോകേരി 209906 വോട്ടുകളാണ് നേടിയത്. 109202 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് നേടിനായത്.
വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. നിങ്ങള്‍ ഓരോരുത്തരും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അതീയായ സന്തോഷമുണ്ട്. വരും നാളുകളില്‍ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാന്‍ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പില്‍ പറഞ്ഞു. തനിക്ക് നല്കിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട്. തന്നോടൊപ്പം ഭക്ഷണവും വിശ്രമവുമില്ലാതെ 12 മണിക്കൂറിലധിഖം പ്രചാരണത്തില്‍ പങ്കാളികളായ യുഡിഎഫ് പ്രവര്‍ത്തകരോട് ഒരുപാട് നന്ദിയുണ്ട്. ധൈര്യവും സ്നേഹവും നല്കി കൂടെ നിന്ന അമ്മയ്ക്കും റോബര്‍ട്ടിനും മക്കള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരന് രാഹുലും കൂടെ നിന്നു. എല്ലായിപ്പോഴും രാഹുലിന്റെ പിന്തുണ തനിക്ക് കരുത്തുപകര്‍ന്നുവെന്നും പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു.