
കൊച്ചി : കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. 2 കിലോയോളം കഞ്ചാവാണ് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്. 3 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്.
കേസില്‍ അറസ്റ്റിലായവരില്‍ എസ് എഫ് ഐ നേതാവുമുണ്ട്. കരുനാഗപള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കേസില്‍ പിടിച്ചെടുത്ത കഞ്ചാവ് അളവില്‍ കുറവായതിനാല്‍ ആദിത്യനെയും അഭിരാജിനെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തന്റെ മുറിയില്‍ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനില്‍ നിന്നും മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഡാന്‍സാഫ് സംഘം റെയ്ഡിനായി ഹോസ്റ്റലില്‍ എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുല്‍സലാം പറഞ്ഞു. ഇത്രയേറെ കഞ്ചാവുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഈ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ പിടിച്ചതില്‍ നിന്നാണ് വിവരം ലഭിച്ചത്. റെയ്ഡിനെത്തുമ്പോള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. തൂക്കി വില്‍പ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. ഇത്രയധികം അളവില്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ലഹരി കണ്ടെത്തിയത് പൊലീസിനെ പോലും ഞെട്ടിച്ചെന്നും എസിപി പറഞ്ഞു.
ഹോളി ആഘോഷത്തിനായാണു കഞ്ചാവ് എത്തിച്ചതെന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. അലമാരയിലാണു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലേക്കു മാറ്റുന്നതിനിടെയായിരുന്നു റെയ്ഡ്. മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തു. 7 മണിക്കൂറോളം പൊലീസ് പരിശോധന നീണ്ടു. ഇന്നലെ രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ നാലിനാണ് അവസാനിച്ചത്.