മലബാർ സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള തീരുമാനം സഭ നിർത്തിവെച്ചു
ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം. പി , ഡോ എം പി അബ്ദുസ്സമദ് സമദാനി എം. പി എന്നിവർ ലോക് സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.
മലബാർ സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ ഐ സി എച്ച് ആർ തീരുമാന പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്തതായും, ഈ ശുപാർശ സാംസ്കാരിക മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.
ആന്ധ്രാപ്രദേശ്, കർണാടക , തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം സ്വാതന്ത്ര്യ സമര സേനാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും അതിനനുസരിച്ച് നിഘണ്ടുവിന്റെ അഞ്ചാം ഭാഗം പരിഷ്കരിക്കുമെന്നും അറിയുന്നു. ഇത് അങ്ങേയറ്റം അപലപനീയവും ആക്ഷേപാർഹവും സത്യസന്ധമായ ചരിത്രത്തെ അപകടപ്പെടുത്തുന്നതിന് തുല്യവുമാണെന്നും ലീഗ് എം.പി മാർ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിൽ പറഞ്ഞു.