Friday, August 15

സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവര്‍ സംഘടിക്കുന്നു

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവര്‍ സംഘടിക്കുന്നു. തട്ടിപ്പിനിരയായ നിക്ഷേപകരെ ഒരുമിപ്പിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി കൂട്ടായ്മ രൂപവത്കരിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ബി എസ് എന്‍ എല്‍ എംപ്ലോയീസ് സഹകരണ സംഘം, , കരുവന്നൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, തെന്നല തുടങ്ങി മുന്നൂറോളം സഹകരണ ബേങ്കുകളിലെ നിക്ഷേപകരാണ് ഇതിന് മുന്നോട്ടുവന്നിരിക്കുന്നത്.

ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടവര്‍ പതിനായിരങ്ങള്‍ വരും. ഭൂരിപക്ഷവും കൃഷിക്കാരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും സ്വയംതൊഴില്‍ ചെയ്യുന്നവരുമാണ്. ജീവിത പ്രാരബ്ധങ്ങള്‍ക്കിടയില്‍ മിച്ചം പിടിച്ച് ചികിത്സക്കോ മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കോ ഉപയോഗപ്പെടുമെന്ന് കരുതിയ നിക്ഷേപമാണ് സഹകരണ ബേങ്കുകളില്‍ ഉപയോഗത്തിനില്ലാതെ കിടക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്കും ദീര്‍ഘകാലം വിദേശത്ത് ജോലി ചെയ്ത് മടങ്ങിയവര്‍ക്കും വാര്‍ധക്യ കാലത്ത് പ്രയോജനപ്പെടുമായിരുന്ന പണവും ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ട്.

സഹകരണ ബാങ്കുകളിലെ രാഷ്ട്രിയ പാര്‍ട്ടിക്കാരായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും സെക്രട്ടറിമാരും ജീവനക്കാരും സില്‍ബന്തികളും ചേര്‍ന്ന് സ്വന്തക്കാരുടേയും ബന്ധുക്കളുടേയും ബിനാമികളുടെയും പേരിസ വ്യാജ ലോണെടുത്തും, അഴിമതി നടത്തിയും ലക്ഷങ്ങള്‍ പലിശയിളവ് നല്‍കിയും മറ്റും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സഹകരണ ബാങ്കുകളിലെ പണം കൊള്ളയടിച്ചതിന്റെ ഫലമായാണ് ബാങ്കുകള്‍ കടക്കെണിയിലായതും നിക്ഷേപകരുടെ പണമോ പലിശയോ തിരിച്ചു നല്‍കാനാവാത്ത സ്ഥിതിയുണ്ടായതുമെന്നും നിക്ഷേപകര്‍ പറയുന്നു.

നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ പണം കൊള്ളയടിച്ചതിന്റെ തെളിവുകളാണ് പല സഹകരണ ബേങ്കുകളില്‍ നിന്നും പുറത്തുവരുന്നത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും സെക്രട്ടറിമാരും സഹകരണ വിഭാഗം ഉദ്യോ ഗസ്ഥര്‍ ഓഡിറ്റ് നടത്തുന്നുണ്ടെങ്കിലും ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുകയോ നടപടികള്‍ ഉണ്ടാകുകയോ ചെയ്യുന്നില്ല.

പണം നഷ്ടപ്പെട്ട നിരാലംബരായ നിക്ഷേപകര്‍ സര്‍ക്കാരിലും സഹകരണ വകുപ്പിലും നിവേദനങ്ങള്‍ നല്‍കിയും പോലീസിലും കോടതികളിലും വ്യവഹാരങ്ങള്‍ നടത്തിയും പ്രയാസപ്പെട്ട് ജീവിതം മുന്നോട്ട് നീക്കുകയാണ്. പലരും ജീവിതം വഴി മുട്ടി ആത്മഹത്യ ചെയ്തു കഴിഞ്ഞു. സ്വന്തം പണം ബാങ്കിലുണ്ടായിട്ടും മാരക രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ കഴിയാതെ മരണത്തിന് നിരാലംബരായി കീഴടങ്ങേണ്ട അവസ്ഥയുമുണ്ടായി.

ഈ ദുരവസ്ഥ പരിഹരിക്കാനും നിക്ഷേപകരുടെ പണം തിരിച്ചു കിട്ടുന്നതിനുമുള്ള നിയമ നടപടികള്‍ സ്വീകരിക്കാനും ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനും സംസ്ഥാനത്തൊട്ടാകെ തട്ടിപ്പിനിരയായ നിക്ഷേപകരെ ഒരുമിപ്പിക്കുന്നതിനുമായി നിക്ഷേപകര്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി കൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!