
തിരൂരങ്ങാടി : അധ്യാപക യോഗ്യത പരീക്ഷ (K-TET) യുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയില്‍ കേരളത്തിലെ അധ്യാപകരുടെ ആശങ്ക പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുന്നതിന് കെ.പി.എ മജീദ് സബ്മിഷന് അവതരണ അപേക്ഷ നല്‍കി. അധ്യാപക യോഗ്യത പരീക്ഷയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. സുപ്രീം കോടതിയില്‍ വസ്തുതകള്‍ അവതരിപ്പിക്കുന്നതില്‍ വന്ന അപാകതയാണ് ഈ വിധി വരുന്നതിന് കാരണം. വസ്തുതകള്‍ സുപ്രീം കോടതി മുന്‍പാകെ അവതരിപ്പിക്കുന്നതിന് അപ്പീല്‍ ഫയല്‍ ചെയ്ത് അനുകൂല ഉത്തരവ് നേടിയെടുക്കണം. കേരളത്തിലെ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K -TET) ന് തത്തുല്യമായി സര്‍ക്കാര്‍ അംഗീകരിച്ച യോഗ്യതകള്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയില്ലാത്ത അധ്യാപകര്‍ക്ക് ഈ യോഗ്യത നേടിയില്ലെങ്കില്‍ ജോലിയില്‍ തുടാനാകില്ല എന്ന ബഹു.സുപ്രീം കോടതിയുടെ 2025 സെപ്റ്റംബര്‍-1 ലെ ഉത്തരവ് കേരളത്തിലെ അരലക്ഷത്തില്‍ കൂടുതല്‍ അധ്യാപകരെയും, ഇവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണ്. ഓരോ അധ്യാപകനും ഒരു കുടുംബത്തിന്റെ അത്താണിയാണ്. 2027 സെപ്റ്റംബര്‍-1 നുള്ളില്‍ വിരമിക്കലിന് 5 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള എല്ലാ അധ്യാപകരും ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടണം എന്നാണ് സുപ്രീം കോടതി വിധിയില്‍ ഉള്ളത്.
2009 ല്‍ വിദ്യാഭ്യാസ അവകാശ നിയമം (RTE) വന്നതിന് ശേഷമാണ് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. ഈ നിയമം വരുന്നതിന് മുന്‍പ് ജോലിയില്‍ കയറിയ അധ്യാപകരുണ്ട്. ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K -TET) ന് തത്തുല്യമായി സര്‍ക്കാര്‍ അംഗീകരിച്ച യോഗ്യതകള്‍ നേടിയവരായതുകൊണ്ടാണ് ഈ അധ്യാപകര്‍ K-TET പരീക്ഷ എഴുതാതിരുന്നത് എന്ന വസ്തുത പരിഗണിക്കണം.
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം UGC-NET, SET, PhD, M.Phil, M.Ed എന്നീ ഉയര്‍ന്ന യോഗ്യതകളില്‍ ഏതെങ്കിലും നേടിയവര്‍ അധ്യാപക യോഗ്യത പരീക്ഷ (K-TET) യുടെ യോഗ്യത നേടേണ്ടതില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ PhD, M.Phil, M.Ed എന്നിവ പഠന കോഴ്സുകള്‍ ആണ്. എന്നാല്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) എന്നിവ K-TET യോഗ്യതയെ പോലുള്ള അധ്യാപക യോഗ്യത പരീക്ഷകള്‍ ആണ്. K-TET നേക്കാളും പ്രയാസമേറിയതും, വിഷയ കേന്ദ്രീകൃതവും, ടീച്ചിംഗ് ആപ്റ്റിറ്റിയുട്, റീസണിംഗ് & ലോജിക്കല്‍ തിങ്കിംഗ്, റീഡിംഗ് കോംബ്രിഹെന്‍ഷന്‍, ഇന്‍ഫോര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്നോളജി, ചൈല്‍ഡ് സൈക്കോളജി, പെഡഗോജി, എജുകേഷണല്‍ & സ്‌കൂള്‍ പോളിസീസ്, എന്‍വിയോണ്‍മെന്റല്‍ & സോഷ്യല്‍ അവയര്‍നസ് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതുമായ അധ്യാപക യോഗ്യത പരീക്ഷകളാണ് NET പരീക്ഷയും, SET പരീക്ഷയും. യോഗ്യത പരീക്ഷകള്‍ നേടിയ അധ്യാപകരെ K-TET പരീക്ഷയില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്.
ഈ തത്തുല്യ യോഗ്യതകള്‍ K-TET ന് തുല്യമായി സര്‍ക്കാര്‍ അംഗീകരിച്ചതിനാലാണ് ഈ യോഗ്യതകള്‍ നേടിയ കേരളത്തിലെ അധ്യാപകര്‍ K-TET പരീക്ഷ എഴുതാതിരുന്നത്. ഏത് പുതിയ നിയമങ്ങള്‍ വരുമ്പോഴും നിലവിലുള്ളവര്‍ക്ക് സംരക്ഷണം നല്‍കാറുണ്ട്. ഈ വസ്തുതകള്‍ ബഹു.സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി അവതരിപ്പിക്കണം. സ്‌കൂള്‍ ഏകീകരണത്തിന്റെ ഭാഗമായി, ഹയര്‍ സെക്കണ്ടറി അടക്കമുള്ള സ്‌കൂള്‍ ക്‌ളാസുകള്‍ ഏകീകരിക്കുമ്പോള്‍ നിലവില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഉള്‍പ്പെടുന്ന ഇരുപത്തി അയ്യായിരത്തില്‍ കൂടുതല്‍ വരുന്ന ഹയര്‍ സെക്കണ്ടറി അധ്യാപരെയും ഈ പ്രശ്‌നം ബാധിക്കാന്‍ ഇടയുണ്ട്. ആയതിനാല്‍ ഹയര്‍ സെകണ്ടറി അധ്യാപകരടക്കം കേരളത്തിലെ എഴുപത്തി അയ്യായിരത്തില്‍ കൂടുതല്‍ കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നം ആയതിനാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ എത്രയും പെട്ടന്ന് ബഹു.സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി അനുകൂല വിധി നേടിയെടുക്കണം എന്നും സബ്മിഷന്‍ അപേക്ഷയില്‍ ഉന്നയിച്ചിട്ടുണ്ട്.