
ദാറുന്നജാത്ത് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
കരുവാരകുണ്ട്:ആധുനിക കാലത്തും ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ ജനാധിപത്യ മാർഗ്ഗത്തിലൂടെയാണ് നേരിടേണ്ടതെന്നും സായുധ വിപ്ലവമല്ല മാർഗമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെൻറർ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് ദേശീയ പ്രസ്ഥാനങ്ങളുടെ കരുത്തുകൊണ്ടാണ്.ഐക്യവും ഒന്നിച്ചുള്ള പോരാട്ടവുമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ ഇടയാക്കിയതെന്നും അത്തരത്തിൽ ജാതിമത വർഗ വർണ ചിന്തകൾക്ക പ്പുറം ഐക്യത്തോടെയുള്ള പ്രതിരോധമാണ് ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ വേണ്ടതെന്നുംതങ്ങൾ പറഞ്ഞു,ഉലമ ഉമറ കൂട്ടായ്മയാണ് കേരളം ഇന്ന് കാണുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചാലക ശക്തി എന്നും അത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ നടന്ന വ്യക്തിത്വമായിരുന്നു കെ.ടി. മാനു മുസ്ലിയാരെന്നും
അദ്ദേഹം പറഞ്ഞു.പി.സെയ്താലി മുസ്ലിയാർ അധ്യക്ഷനായി.,പി.വി. അബ്ദുൽ വഹാബ് എം.പി,എ. പി.അനിൽകുമാർ എം.എൽ.എ,
അഡ്വ.എം ഉമ്മർ,വാക്കോട് മൊയ്തീൻകുട്ടി ഫൈസി, മൊയ്തീൻ ഫൈസി പുത്തനഴി , അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്,സുലൈമാൻ ദാരിമി ഏലംകുളം, മുജീബ് റഹ്മാൻ അൻസ്വരി നീലഗിരി,റഫീഖ് സക്കരിയ ഫൈസി കോഴിക്കോട് സംസാരിച്ചു.വനിതാ കോളേജ് കെട്ടിട നിർമ്മാണ ഫണ്ട് ശേഖരണ ഉദ്ഘാടനവും സുവനീർ കവർ പ്രകാശനവും ചടങ്ങിൽ നടന്നു.
സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ദേശീയ അന്തർദേശീയ സെമിനാറുകൾ,ഫ്യൂച്ചർ മാപ്പ് -എക്സ്പോ, ഗോൾഡൻബോണ്ട് നജാത്ത് അസംബ്ലി, മഹ്ഫിലെ നജാത്ത്, ഖവ്വാലി സമ്മിറ്റ്,നജാത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ, സ്വർണ്ണദർശൻ ഗ്രാൻഡ് മീറ്റ്,ജൂനിയർ ഐ.എ.എസ് പരിശീലന കേന്ദ്രം, കലാസാംസ്കാരിക മത്സരങ്ങൾ, ആഘോഷങ്ങൾ, സാമൂഹിക സേവന ശാക്തീകരണ പരിപാടികൾ,സംസ്ഥാന, യൂണിവേഴ്സിറ്റി തല മത്സരങ്ങൾ,വിവിധ അവാർഡുകൾ, പ്രസിദ്ധീകരണങ്ങൾ, പ്രദർശനങ്ങൾ,കമ്മ്യൂണിറ്റി എൻഗേജ്മെന്റ് പ്രോഗ്രാമുകൾ,അലുംമിനി മീറ്റുകൾ തുടങ്ങിയവയും നടക്കും.വിപുലമായ സമാപന സമ്മേളനവും അടുത്ത വർഷത്തിൽ നടക്കും.