
.വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തി, കണ്ണീർ കടലായി പാങ്ങ് ഗ്രാമം. പാങ്ങ് പള്ളിപ്പറമ്ബ് ജിഎല്‍പി സ്‌കൂളില്‍നിന്നുള്ള അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാസംഘം വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പാങ്ങ് നിവാസികള്‍ കേട്ടത്.
അപകടത്തില്‍ ഒന്‍പതുപേര്‍ മരിച്ചെന്ന വിവരം സ്ഥിരീകരിച്ചതോടെ പാങ്ങ് കണ്ണീര്‍ക്കടലായി. മരിച്ചവരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെയോടെ എത്തി. പാങ്ങ് സ്‌കൂളില്‍ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾസന്ദർശിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. പൊതു ദർശനത്തിന് ശേഷം വീടുകളിലേക്ക് കൊണ്ടുപോകും.
മലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ അബ്ദുൽ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്കൂളിലെ പാചകത്തൊഴിലാളി സാജിത(45), പാങ്ങ് ഗവ.എൽപി സ്കൂളിൽ നിന്ന് സമീപത്തെ പാങ്ങ് ജിയുപി സ്കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന(37) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തിൽ മരിച്ച അധ്യാപിക സുഹറയുടെ മകൻ ചെറുകുളമ്പ് ഐകെടിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥി ഹിഷാം(12) പൊള്ളാച്ചി ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീട് മരിക്കുകയായിരുന്നു.
അപകടത്തിൽ മരിച്ച പാങ്ങ് ജിയുപി സ്കൂളിലെ അധ്യാപിക ഷക്കീനയുടെ മകൾ മസ്നീൻ(10) ജിഎൽപി സ്കൂളിലെ പാചകത്തൊഴിലാളിയും അപകടത്തിൽ മരിച്ച സാജിതയുടെ മകനുമായ ഷഹദീൻ, സ്കൂളിലെ ബസ് ഡ്രൈവർ നൗഷാദ് (39), ടൂറിസ്റ്റ് വാനിന്റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ്(21) എന്നിവരാണ് പരുക്കുകളോടെ ചികിത്സയിൽ. ഇതിൽ മസ്നീൻ ഒഴികെ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്ന് കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ മസ്നീനെ പൊള്ളാച്ചി ആശുപത്രിയിൽ നിരീക്ഷണത്തിനു ശേഷം രാത്രിയോടെ പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് മാറ്റി
സ്‌കൂള്‍ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാല്‍പ്പാറയിലേക്ക് വിനോദയാത്ര പോയത്. വെള്ളിയാഴ്ച രാവിലെയാണ് 13 പേരടങ്ങുന്ന സംഘം ട്രാവലര്‍ വാനില്‍ അതിരപ്പിള്ളി വഴി വാല്‍പ്പാറയിലേക്ക് പോയതെന്നാണ് പറയുന്നത്. ചെങ്ങോട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു ട്രാവലറിന്റെ ഡ്രൈവര്‍. അതിരപ്പിള്ളി സന്ദര്‍ശിച്ചശേഷം സംഘം മലക്കപ്പാറ വഴി വാല്‍പ്പാറയിലെത്തി. തുടര്‍ന്ന് വാല്‍പ്പാറയില്‍നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
വൈകീട്ട് അഞ്ചേകാലിനും അഞ്ചരയ്ക്കും ഇടയിലാണ് അപകടമുണ്ടായതെന്നാണ് വാല്‍പ്പാറ പോലീസ് നല്‍കുന്നവിവരം. ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയര്‍പിന്‍ വളവില്‍വെച്ച് വാഹനത്തിന്റെ നിയന്ത്രണംനഷ്ടമായെന്നും തുടര്‍ന്ന് ഒന്‍പതാം വളവിലേക്ക് വാഹനം നിലംപതിച്ചെന്നും പോലീസ് പറഞ്ഞു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.
ഒരു പുരുഷനും ഏഴ് സ്ത്രീകളും ഉള്‍പ്പെടെ എട്ടുപേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.