
ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ടിന് ശേഷം പരേഡ് ഗ്രൗണ്ട് വികാരപരമായ പല രംഗങ്ങള്‍ക്കും സാക്ഷിയായി. അതിലൊന്ന് ഗുരുവായൂര്‍ ഇരിങ്ങപ്പുറം സ്വദേശി വേണുഗോപാലന്‍ മകന് വിഷ്ണുവിന്റെ പാസിംഗ് ഔട്ട് പരേഡ് കാണാന്‍ വീല്‍ ചെയറിലെത്തിയതാണ്. 15 വര്‍ഷം മുമ്പ് ജോലിക്കിടെ ടെറസില്‍ നിന്ന് വീണ് സ്പൈനല്‍ കോഡിന് ക്ഷതം സംഭവിച്ചു അരക്ക് താഴെ തളര്‍ന്നു കിടക്കുന്ന അച്ഛന് സ്വന്തം മകന് പരിശീലനം പൂര്‍ത്തിയാക്കി നാടിനും ജനങ്ങള്‍ക്കും വേണ്ടി സേവനത്തിന് ഇറങ്ങുന്ന മുഹൂര്‍ത്തം കാണാതിരിക്കാനാവില്ലല്ലോ. പരിമിതികളും പ്രയാസങ്ങളും മറികടന്ന് കുടുംബ സമേതമാണ് പരേഡ് വീക്ഷിക്കാന്‍ പാണ്ടിക്കാട് ഐ.ആര്.ബി പരേഡ് ഗ്രൗണ്ടില്‍ എത്തിയത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിഷ്ണു അച്ഛന് ഒരു താങ്ങാവണം അതിനൊരു സര്‍ക്കാര്‍ ജോലി വേണമെന്ന ആ ഗ്രഹത്തോടെയാണ് പി.എസ്.സി പരീക്ഷയെഴുതി കേരള പോലീസില്‍ ചേരുന്നത്. അച്ചന്റെയും അമ്മയുടെയും ആഗ്രഹപൂര്‍ത്തീകരണത്തിന് സാധിച്ചതില്‍ വിഷ്ണുവും ഏറെ സന്തോഷവാനാണ്. പരേഡ് പൂര്‍ത്തിയായ ശേഷം വിഷ്ണു അച്ചന്റെയരികിലേക്ക് ഓടിയെത്തി തന്റെ തൊപ്പി സ്നേഹപൂര്‍വ്വം അച്ചന്റെ തലയില്‍ അണിയിച്ച് ചേര്‍ത്തു പിടിച്ച് ഉമ്മ നല്കി. അമ്മ പ്രീതക്കും ഡിഗ്രി വിദ്യാര്‍ഥിയായ സഹോദരി ദേവികക്കും കണ്ട് നിന്നവര്‍ക്കും ഈ കാഴ്ച ഏറെ സന്തോഷം നല്കി. വിഷ്ണുവിന് ഇത് ജീവിക്കാനായി നേടിയ ഒരു സര്‍ക്കാര്‍ ജോലി മാത്രമല്ല ജനങ്ങളെ സേവിക്കണമെന്ന ആത്മാര്‍ത്ഥ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയാണിപ്പോള്‍.