മനസിന്റെ ശക്തി കൊണ്ട് ലോകം കീഴടക്കാമെന്ന് തെളിയിച്ച മഹത് വ്യക്തിത്വം : പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : വെല്ലുവിളികളെ അതിജീവിച്ച് നിരവധി പേര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ സാക്ഷരത പ്രവര്‍ത്തക പത്മശ്രീ കെവി റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. മനസ്സിന്റെ ശക്തി ഒന്ന് കൊണ്ട് മാത്രം ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കെ വി റാബിയയെന്ന് കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.

പതിനാലാം വയസ്സില്‍ പോളിയോ ബാധിച്ച് വീല്‍ചെയറിലായ ഒരു പെണ്‍കുട്ടി പിന്നീട് വിധി ഒരുക്കി വെച്ച ഓരോ പ്രതിസന്ധികളെയും അതിജയിച്ച് വെള്ളിലക്കാടെന്ന ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരുടെ പട്ടികയില്‍ വരെ ഇടം നേടിയ പേരുകാരി ആയി മാറിയതിന്റെ പോരാട്ട കഥ തലമുറകള്‍ക്ക് പ്രചോധനമാകുമെന്നുറപ്പാണെന്ന് കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു

പികെ കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

മനസ്സിന്റെ ശക്തി ഒന്ന് കൊണ്ട് മാത്രം ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കെ വി റാബിയ. നമ്മുടെ കണ്‍വെട്ടത്ത് നിന്ന് കൊണ്ട് ഒരേ പോലെ നമ്മെ ആശ്ചര്യപ്പെടുത്തുകയും, പ്രചോദിപ്പികുകയും ചെയ്ത് കൊണ്ടിരുന്ന അത്ഭുതപ്രതിഭ. തോറ്റ് പോയേക്കാവുന്ന, അതിന് ന്യായം പറയാവുന്ന നിരവധി ദുര്‍ഘടങ്ങളിലൂടെ കടന്ന് പോയ അവര്‍ എത്ര മനോഹരമായാണ് അവരുടെ ആത്മകഥയുടെ പേര് പോലെ തന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് തുന്നിപ്പിടിപ്പിച്ച് പറന്നുയര്‍ന്നത്.

പോളിയോയും അര്‍ബുദവും, വീഴ്ച മൂലമുണ്ടായ പരിക്കും ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും തളര്‍ത്തിയ റാബിയ സമൂഹം കല്പിച്ചു തരുന്ന അനുകമ്പയുടെ തോടിനുള്ളില്‍ ഒതുങ്ങിയിരുന്ന് കാലം തീര്‍ക്കാതെ സ്വന്തം ഇച്ഛാശക്തി കൊണ്ട് ജീവിതം ആഴത്തില്‍ അടയാളപ്പെടുത്തിയ ചരിതം മനുഷ്യര്‍ക്കാകെയും മാതൃകയാണ്.

അക്ഷരങ്ങളെ ഏറെ സ്‌നേഹിച്ച റാബിയ തന്റെ നിയോഗവും ആ മേഖലയിലാണെന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചു. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച അവര്‍ ചലനം എന്ന പേരിലൊരു ട്രസ്റ്റുണ്ടാക്കി സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച് സാമൂഹ്യ ക്ഷേമ രംഗത്തും നിറഞ്ഞു നിന്നു.

പതിനാലാം വയസ്സില്‍ പോളിയോ ബാധിച്ച് വീല്‍ചെയറിലായ ഒരു പെണ്‍കുട്ടി പിന്നീട് വിധി ഒരുക്കി വെച്ച ഓരോ പ്രതിസന്ധികളെയും അതിജയിച്ച് വെള്ളിലക്കാടെന്ന ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരുടെ പട്ടികയില്‍ വരെ ഇടം നേടിയ പേരുകാരി ആയി മാറിയതിന്റെ പോരാട്ട കഥ തലമുറകള്‍ക്ക് പ്രചോധനമാകുമെന്നുറപ്പാണ്.

പ്രിയപ്പെട്ട റാബിയാക്ക് പ്രാര്‍ത്ഥനകളോടെ വിട

error: Content is protected !!