
തിരൂരങ്ങാടി :മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അജൈവമാലിന്യങ്ങളോടൊപ്പം തന്നെ ജൈവ മാലിന്യ സംസ്‌കരണം ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറായി. പ്രാരംഭ പദ്ധതിയായി ജില്ലയിലെ അഞ്ച് തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാതല മാലിന്യമുക്ത നവകേരളം ക്യാംപയിന്‍ സെക്രട്ടറിയേറ്റ് അവലോകനയോഗത്തില്‍ തീരുമാനമായി. ആദ്യഘട്ടമെന്ന നിലയില്‍ പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി നഗരസഭകളിലും തിരുവാലി, പുറത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലുമായി പദ്ധതി നടപ്പിലാക്കും. ജനുവരിയോടെ ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പരമാവധി ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും അതിന് കഴിയാത്തത് ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ യോഗം ചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും. എല്‍.എസ്.ജി.ഡി. ജോയിന്‍ ഡയറക്ടറുടെ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മാലിന്യ സംസ്‌കരണ രംഗത്ത് ജില്ല നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
ജില്ലയില്‍ ആരംഭിച്ച ഇലക്ട്രോണിക് മാലിന്യ ശേഖരണം ഏഴ് നഗരസഭകളില്‍ കൃത്യമായി നടക്കുന്നതായി യോഗം വിലയിരുത്തി. ഇ- മാലിന്യങ്ങള്‍ തിരിച്ചറിഞ്ഞു ശേഖരിക്കുന്നതിന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. മലപ്പുറം നഗരസഭക്ക് കീഴില്‍ വര്‍ഷങ്ങളായി മാലിന്യങ്ങള്‍ തള്ളിയ ഇങ്കല്‍ വ്യവസായ പാര്‍ക്കിന് സമീപമുള്ള പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് പൂര്‍വസ്ഥിതിയിലേക്ക് മാറ്റിയ സ്ഥലം ജില്ലാ ക്യാംപയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
ജോയിന്‍ ഡയറക്ടറുടെ കോണ്‍ഫ്രറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍ എസ് ജി ഡി ജോയിന്‍ ഡയറക്ടര്‍, കില റിസോഴ്‌സ് പേഴ്‌സണ്‍ , മാലിന്യമുക്ത നവകേരളം ജില്ലാ കോഡിനേറ്റര്‍, ശുചിത്വമിഷന്‍ ,കുടുംബശ്രീ ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍മാര്‍ , ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.