Tuesday, October 21

ചീർപ്പിങ്ങൽ ന്യൂ-കട്ടിൽ വീതി കൂടിയ പാലം നിർമിക്കുന്നു; പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു

പാലത്തിങ്ങൽ : ചീർപ്പിങ്ങൽ ന്യൂ കട്ടിൽ വീതി കൂടിയ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നു. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. അഞ്ച് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെന്നും നാല് വർഷം കൊണ്ട് 149 പാലങ്ങൾ ആണ് സാധ്യമാകാൻ പോകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

മലപ്പുറം – പരപ്പനങ്ങാടി എസ് എച്ച് റോഡിനേയും നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ചീർപ്പിങ്ങൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ജലസേചന വകുപ്പ് നിർമ്മിച്ച നിലവിലുള്ള നടപ്പാലത്തിന്റെ അപ് സ്ട്രീം സൈഡിൽ ആണ് രണ്ടുവരി വാഹനങ്ങൾ കടന്നുപോകാനാകുന്ന തരത്തിൽ പുതിയ പാലം നിർമ്മിക്കുന്നത്.
92.00 മീറ്റർ നീളത്തിലും 11.00 മീറ്റർ വീതിയിലുമാണ് 2090 ലക്ഷം രൂപ ചെലവഴിച്ച് പാലം നിർമ്മിക്കുന്നത്. കൂടാതെ പാലത്തിങ്ങൽ ഭാഗത്തും ചീർപ്പിങ്ങൽ ഭാഗത്തും 170 മീറ്റർ നീളത്തിലുള്ള അപ്പ്രോച്ച് റോഡും പദ്ധതിയിലുണ്ട്.

പി കെ അബ്ദു റബ്ബ് MLA ആയിരുന്ന സമയത്ത് നിലവിലുള്ള വീതി കുറഞ്ഞ ന്യൂ കട്ട് പാലത്തിനു പകരമായി വീതി കൂടിയ പാലം നിർമ്മിക്കുന്നതിന് 2020 ജനുവരി 30 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഈ പദ്ധതിയുടെ സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടിയിലേക്ക് കടക്കുന്ന സമയത്ത്, നിലവിലുണ്ടായിരുന്ന ജിഎസ്ടി നിരക്ക് 12% ആയി സർക്കാർ വർധിപ്പിച്ചു. അതോടെ ഈ പാലത്തിന്റെ എസ്റ്റിമേറ്റ് 15 യിൽ നിന്നും 19.80 കോടിയിലേക്ക് വർദ്ധിച്ചു. അതോടൊപ്പം തന്നെ നിലവിലെ അലൈൻമെന്റ് പ്രകാരം ചില സ്വകാര്യ വീടുകളെ ബാധിക്കുമെന്നതിനാൽ അലൈന്മെന്റ് ചെറിയ മാറ്റങ്ങൾ വരുത്തേണ്ടതായി വന്നു. നിലവിലെ അലൈൻമെന്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ജിഎസ്ടി വർദ്ധനവിലുള്ള തുക കൂട്ടിക്കൊണ്ടുള്ള പുതുക്കിയ ഭരണാനുമതിക്കുള്ള പ്രൊപ്പോസൽ സർക്കാരിൽ എത്തിയ സമയത്ത്, 12 ശതമാനം ആയിരുന്ന ജിഎസ്ടി നിരക്ക് വീണ്ടും സർക്കാർ വർദ്ധിപ്പിച്ച് 18 % ആക്കി ഉയർത്തി. അതോടെ ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 21.9 കോടിയായി ഉയർന്നു. അലൈൻമെന്റിൽ വന്ന മാറ്റപ്രകാരം സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സയൻസ് പാർക്ക് ആൻഡ് പ്ലാനിറ്റോറിയം പ്രോജക്റ്റിനു വേണ്ടി വിട്ടു നൽകിയ ഭൂമിയുടെ ചെറിയ ഭാഗം ഈ പാലത്തിന്റെ റോഡിലേക്ക് ആവശ്യമായി വരികയും, ആയതിനുള്ള ശ്രമങ്ങൾ നടത്തി അത് സർക്കാരിൽ നിന്നും അനുവദിപ്പിക്കുകയും ചെയ്തു. അതിനുശേഷം കെ പി എ മജീദ് എംഎൽഎയുടെ ശ്രമഫലമായി 21.9 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തു. മറ്റു സാങ്കേതിക തടസ്സങ്ങളെല്ലാം നീക്കി.

ഉദ്ഘാടന ചടങ്ങിൽ, പി.ഡബ്ല്യു.ഡി പാലങ്ങൾ ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ ചാലിൽ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു.

ന്യൂ കട്ട് പഴയ പാലം പരിസരത്ത് നടന്ന ചടങ്ങിൽ തിരൂരങ്ങാടി നിയോജകമണ്ഡലം എം.എൽ.എ കെ.പി.എ. മജീദ് അധ്യക്ഷനായി. ചടങ്ങിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽഹമീദ്, വൈസ് ചെയർപേഴ്സൺ ബി.പി. ഷാഹിദ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ്, വാർഡ് കൗണ്സിലർ കൂളത്ത് അസീസ്, എ. വി.ഹസ്സൻ കോയ, അലവി തയ്യിൽ, സുധീഷ് പാലശ്ശേരി, അലി തെക്കേപ്പാട്ട്, ശ്രീധരൻ തറയിൽ, നിയാസ് പുളിക്കലകത്ത്, എം.സിദ്ധാർഥൻ, കെ.സി.നാസർ, മുഹമ്മദ് നഹ, ടി. സൈത് മുഹമ്മദ്, ഹൈജീൻ ആൽബർട്ട്, വി.ആർ.ജയരാജ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!