
തിരൂരങ്ങാടി : തിരുരങ്ങാടി നഗരസഭ പരിധിയിലെ മമ്പുറം മേല്‍പ്പാലം, ചെമ്മാട് ടൗണ്‍ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായെങ്കിലും,പരാതി നല്‍കിയിട്ടും അന്വേഷണമോ ഇടപെടലുകളോ നടത്താത്തതില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിക്ക് അം ആദ്മി ഭാരവാഹികള്‍ നിവേദനം നല്‍കി. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു.
തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതില്‍ അവ പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിസ്സംഗതയെയും മാജിക് ക്രിയേഷന്‍ കമ്പനിയുടെ ഒളിച്ചുകളിയും ചെയര്‍മാനെ ബോധിപ്പിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാര്‍ട്ടി ഭാരവാഹികളായ അബ്ദുല്‍ റഹിം പൂക്കത്ത്, ഫൈസല്‍ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലാണ് ചെയര്‍മാനെ സന്ദര്‍ശിച്ചത്.
സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു പൊതു ജനങ്ങള്‍ക്ക് വഴി വെളിച്ചം സ്ഥാപിച്ചു നല്‍കുക, അവ പരിപാലിക്കുക എന്നീ ഉത്തരവാദിത്വങ്ങള്‍ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് ഉള്ളതെങ്കിലും, ഇവിടെ പരസ്പരം പഴിചാരി അധികൃതര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും ചെയര്‍മാനെ ധരിപ്പിച്ചു. വിഷയം പത്രവാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും രണ്ടുദിവസത്തിനകം തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി.