
പെരിന്തൽമണ്ണ : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്ത് നാലുവരിപ്പാതകൾക്കിടയിലെ ഡിവൈഡറുകൾ കാണാമറയത്തായതോടെ അപകടം പതിവായി. റോഡ് ഉയർത്തിയതോടെ ഇവിടെ ഉണ്ടായിരുന്ന ഡിവൈഡറുകൾ റോഡിനേക്കാൾ താഴ്ന്ന നിലയിലാണ്. ഇതുമൂലം വാഹനക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഡിവൈഡറിന്റെ ഇരു വശത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നത് വലിയതോതിൽ അപകടമുണ്ടാക്കുന്നുണ്ട്. ഡിവൈഡറില്ലാത്തതു കാരണം മധ്യഭാഗത്തുകൂടി എത്തുന്ന വാഹനങ്ങളും അപകടത്തിൽ പെടുന്നുണ്ട്.
ഇന്നലെ വൈകിട്ടത് 4ന് വളാഞ്ചേരി ഭാഗത്തുനിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന കാർ പെരിന്തൽമണ്ണ ജൂബിലി ജംക്ഷനിൽ മധ്യഭാഗത്തെ ഡിവൈഡറിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ കാറിന്റെ മുൻവശം തകർന്നു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അങ്ങാടിപ്പുറം മുതൽ ജൂബിലി ജംക്‌ഷൻ വരെ റോഡിന് നടുവിൽ ഡിവൈഡറുകൾ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.