
എ ആർ നഗർ : മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം. ഒടുവിൽ തഹസിൽദാറും ജനപ്രതിനിധികളും ഇടപെട്ട് താൽക്കാലികമായി പരിഹരിച്ചു.
യാറത്തും പടിയിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. പുതിയങ്ങാടി തേരി കൊറ്റി ക്കുട്ടി (95) യാണ് മരിച്ചത്. ഇവരുടെ മൃതദേഹം സംസ്കരിക്കാനായി ഞായറാഴ്ച വൈകുന്നേരം കുഴിയെടുക്കാനെത്തിയപ്പോൾ മറു വിഭാഗം തടയുകയായിരുന്നു. ഇവരുടെ കുടുംബ ശ്മശാനം ആണെന്നാണ് ഈ വിഭാഗം പറയുന്നത്. എന്നാൽ ഇപ്പോൾ മരിച്ചവരുടെ ബന്ധുക്കളെ ഉൾപ്പെടെ ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്നും ഇവർക്കും കൂടി അവകാശപ്പെട്ട താണെന്നും മരിച്ചയാളുടെ ബന്ധുക്കളും പറയുന്നു. വൈകുന്നേരം തർക്കം കയ്യാങ്കളിയോളം എത്തിയപ്പോൾ പോലിസ് ഇടപെട്ടു രണ്ട് കൂട്ടരെയും വിളിപ്പിച്ചു സി ഐ യുടെ നേതൃത്വത്തിൽ രാത്രി ചർച്ച നടത്തിയെങ്കിലും പരിഹാരം ആയില്ല. തുടർന്ന് സംസ്കാരം തടയുമെന്ന് പ്രഖ്യാപിച്ച വിഭാഗം രാത്രിയും കാവൽ ഇരുന്നു.
ഇന്ന് രാവിലെ തഹസിൽദാർ പി ഒ സാദിഖ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ലിയാഖ ത്തലി, സി ഐ കെ.ടി.ശ്രീനിവാസൻ, എസ് ഐ മുഹമ്മദ് റഫീഖ്, വാർഡ് മെമ്പർ, ബ്ലോക്ക് മെമ്പർ ഉൾപ്പെടെയുള്ള വർ ഇരു വിഭാഗവുമായി ചർച്ച നടത്തി താൽക്കാലികമായി പരിഹാരം കാണുകയായിരുന്നു. ഈ മാസം 22 ന് താലൂക്ക് ഓഫീസിൽ ചർച്ച നടത്താനും അത് വരെ ആരുടെയും മൃതദേഹം ഇവിടെ സംസ്കരിക്കരുതെന്നും ഈ മൃതദേഹം മമ്പുറം പൊതു ശ്മശാനത്തിൽ സംസ്കരിക്കാനുമാണ് തീരുമാനമെന്ന് പ്രസിഡന്റ് കെ.ലിയാഖത്ത് അലി പറഞ്ഞു.