നിലമ്പൂര്‍ : എട്ട് വയസുകാരിയെ സ്‌കൂളില്‍ നിന്ന് ഓട്ടോയില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 45 വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ. മമ്പാട് വടപുറം കമ്പനിക്കുന്നിലെ ചേനക്കല്‍ നിഷാദ് എന്ന കുഞ്ഞു (39)വിനെതിരെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. പി ജോയ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതക്ക് നല്‍കണം. പിഴ അടക്കാത്ത പക്ഷം പ്രതിക്ക് ഒന്നരവര്‍ഷം സാധാരണ തടവ് കൂടി അധികം അനുഭവിക്കണം.
2019 ഡിസംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. എട്ട് വയസുകാരി ഉള്‍പ്പെടെയുള്ള കുട്ടികളെ സ്ഥിരമായി ഓട്ടോറിക്ഷയില്‍ സ്‌കൂളിലേക്ക് കൊണ്ടുപോവുന്നതും തിരിച്ചുകൊണ്ടുവരുന്നതും നിഷാദായിരുന്നു. സംഭവ ദിവസം സ്‌കൂള്‍വിട്ട് കുട്ടികളെ തിരിച്ചുകൊണ്ടു വരുന്നതിനിടെ മറ്റു കുട്ടികളെ വീടുകളില്‍ ഇറക്കിയ ശേഷം എട്ടുവയസുകാരിയെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നിലമ്പൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന, നിലവില്‍ മലപ്പുറം വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ റസിയാ ബംഗാളത്ത്, നിലമ്പൂര്‍ സ്റ്റേഷനിലെ എസ്‌ഐ കെ.എം ബിജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയത്. പിന്നീട് എസ്‌ഐ സുനില്‍ പുളിക്കല്‍ ആണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 23 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.