
പരപ്പനങ്ങാടി : ലോക ഓട്ടിസം അവബോധ ദിനമായ ഏപ്രിൽ 2 ന് പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി മഞ്ചേരിയുടെയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി തിരൂരങ്ങാടിയുടെയും സഹകരണത്തോടെ അധ്യാപക വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി പാനൽ അഡ്വക്കേറ്റ് സി.കെ. സിദീഖ് ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള വ്യക്തികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചും, ഓട്ടിസത്തെക്കുറിച്ചും വ്യക്തികളിലും കുടുംബങ്ങളിലും അതിന്റെ സ്വാധീനത്തെക്കുറിച്ചും നേരത്തെയുള്ള രോഗനിർണയത്തിന്റെയും ഇടപെടലിന്റെയും പ്രാധാന്യത്തെക്കുറിച്ചും, നിയമപരമായ അവകാശങ്ങളെ കുറിച്ചും അഡ്വ. സി.കെ. സിദീഖ് വിദ്യാർത്ഥികളുമായി സംവധിച്ചു.
സെൻ്റർ കോഡിനേറ്റർ ടി.ജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി തിരൂരങ്ങാടി പാരാ ലീഗൽ വളണ്ടിയർ കെ.എം. ഖൈറുന്നീസ, സ്നേഹാലയം ചാരിറ്റി ട്രഷറർ കെ. മുഹമ്മദ്, അധ്യാപകരായ ടി.രജിത, പി. ഹംസിറ, കെ.കെ. ഷബീബ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലൈബ്രേറിയൻ എ.വി. ജിത്തു വിജയ് സ്വാഗതവും, ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥി കെ. അഭിനവ് നന്ദിയും പറഞ്ഞു.