കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ; സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. ഊരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹോദരങ്ങളായ അറുമുഖന്‍ (29), മണി (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും നടക്കാവില്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതേ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുരേഷ്, സുന്ദരന്‍, ലിജേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഇന്ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. ക്വാര്‍ട്ടേഴ്‌സിലെ വാഷ് ബേസണ്‍ ടാപ്പ് തുറന്നിട്ടതിനെ തുടര്‍ന്ന് ഒന്നാം പ്രതിയായ സുരേഷിന്റെ ഭാര്യയും അറമുഖന്റെ ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് പിന്നീട് പുരുഷന്മാര്‍ തമ്മിലുള്ള കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. വാക്ക് തര്‍ക്കത്തിന് പിന്നാലെ സുരേഷും സഹോദരങ്ങളായ സുന്ദരന്‍, ലിജേഷ് എന്നിവര്‍ ചേര്‍ന്ന് അറമുഖന്റെ ജ്യേഷ്ഠനായ മണിയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് തടയാന്‍ ചെന്ന അറമുഖനെ സുരേഷ് ഇറച്ചി വെട്ടുന്ന കത്തി കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ അറമുഖന് ഇടത് തോളിന് വെട്ടേറ്റ് ഗുരുതര പരിക്കുണ്ട്. ഇതിനു പിന്നാലെ സഹോദരന്‍ മണിയേയും ഇയാള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. മണിയുടെ വയറിന്റെ ഇടതുവശത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

error: Content is protected !!