മലപ്പുറത്ത് കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ; ലീഗ് പുറത്ത്

മലപ്പുറം : അരീക്കോട് കാവനൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് സിപിഎം വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആറാം വാര്‍ഡ് അംഗമായ സിപിഎമ്മിന്റെ സുനിത കുമാരിയാണ് വിജയിച്ചത്. മുസ്ലിം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷഹര്‍ബാന്‍ കഴിഞ്ഞ ദിവസം രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ 9 മുസ്ലിം ലീഗും ഏഴ് സിപിഎമ്മും മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളുമാണ് ഉള്ളത്. ഉപതെരഞ്ഞെടുപ്പില്‍ ഫൗസിയ സിദീഖിനും സുനിത കുമാരിക്കും ഒമ്പത് വോട്ട് വീതമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ മൂന്ന് വോട്ടും സിപിഎമ്മിന് ലഭിച്ചു. ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായി. ഇതേ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലാണ് സുനിത കുമാരിയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.

നേരത്തെ സംഭവത്തില്‍ പികെ ബഷീര്‍ എംഎല്‍എയും എപി അനില്‍കുമാര്‍ എംഎല്‍എയും പ്രശ്‌ന പരിഹാരത്തിനായി ഇടപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിയില്ല. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ പരാജയപ്പെട്ടു.

error: Content is protected !!