വയനാട്ടിലെ അതിജീവനത്തിനായി കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് എന്‍.എസ്.എസ്. യൂണിറ്റുകള്‍ ചേര്‍ന്ന് സമാഹരിച്ച പഠനസാമഗ്രികള്‍ കൈമാറി. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഒന്നേകാല്‍ ലക്ഷം രൂപയുടെ പഠനസാമഗ്രികളാണ് ‘വയനാടിനായി സി.യു. കാമ്പസ്’ എന്ന പേരില്‍ സര്‍വകലാശാലാ വാഹനത്തില്‍ കയറ്റി അയച്ചത്. നോട്ടുപുസ്തകങ്ങള്‍, ബാഗ്, കുട, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്സ്, റെയിന്‍കോട്ട്, കിടക്കകള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും.
കാമ്പസിലെ മൂന്ന് എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു വിഭവസമാഹരണം. യാത്ര വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. ടി. വസുമതി, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് പുത്തൂര്‍, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. റീഷ കാരാളി, ഡോ. ഒ.കെ. ഗായത്രി, ഡോ. എന്‍.എസ്. പ്രിയലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.