കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം ; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു, കൊലപാതകമെന്ന് സംശയം ; പിതാവ് കസ്റ്റഡിയില്‍

നിലമ്പൂര്‍ : കാളികാവ് ഉദരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാളികാവ് ഉദരംപൊയിലില്‍ ഫാത്തിമ നസ്‌റിന്‍ എന്ന കുഞ്ഞ് മരണപ്പെട്ട സംഭവത്തിലാണ് ഉദരംപൊയില്‍ സ്‌കൂളിന് സമീപം താമസിക്കുന്ന കോന്തൊത്തൊടിക മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണമുയര്‍ന്നതിന് പിന്നാലെ നടപടിയെടുത്തത്. സംഭവത്തില്‍ പൊലീസ് അസാധാരണ മരത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്ന് പൊലീസ് വ്യക്തമാക്കി.

മുഹമ്മദ് ഫായിസ് മകളായ ഫാത്തിമ നസ്രിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് ആരോപിച്ച് അമ്മയും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ പിതാവ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കുട്ടിയെ പരിശോധിച്ചപ്പോള്‍ മരണം സംഭവിച്ചെന്ന് വ്യക്തമായി തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കുട്ടിയെ വീട്ടില്‍ വെച്ച് പിതാവ് ഫായിസ് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടിയുടെ ഉമ്മ ഷഹാനത്തും ബന്ധുക്കളും ആരോപിച്ചു.

കുട്ടിയെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഫായിസ് ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. മുമ്പ് ഫായിസിനെതിരായി ഭാര്യ ഷഹാനത്ത് നല്‍കിയ പരാതി ഒത്തു തീര്‍പ്പാക്കണാമെന്നാവശ്യപ്പെട്ടായിരുന്നു നിരന്തരം ഉപദ്രവിച്ചതെന്ന് ബന്ധുവായ സിറാജ്ജുദ്ധീന്‍ പറഞ്ഞു.

മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതോടെ കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫാത്തിമ നസ്‌റിന് മൂന്ന് മാസം പ്രായമായ ഒരു സഹോദരിയുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!