മലപ്പുറം : തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. എടപ്പാള്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിവില്‍ സര്‍വീസ് മലപ്പുറവും ഇ.എസ്.എ.സി എടപ്പാള്‍ ടീമും മാറ്റുരച്ചു. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സിവില്‍ സര്‍വീസ് ടീം ജേതാക്കളായി. സിവില്‍ സര്‍വീസ് ടീമിന് വേണ്ടി മുന്‍ സന്തോഷ് ട്രോഫി താരം രഞ്ജിത്താണ് ഇരു ഗോളുകളും നേടിയത്. മത്സരത്തിന് മുന്നോടിയായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിജ്ഞ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ചൊല്ലിക്കൊടുത്തു.
ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചും കേരള വനിതാ ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റനുമായ നജ്മുന്നിസ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍ എന്നിവര്‍ സിവില്‍ സര്‍വീസ് ടീമിനായും തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, എ.എസ്.പി കിരണ്‍ എന്നിവര്‍ ഇ.എസ്.എ.സി എടപ്പാള്‍ ടീമിനായും കളത്തിലിറങ്ങി.
തിരഞ്ഞെടുപ്പ് പൊതു നീരീക്ഷകരായ അവദേശ് കുമാര്‍ തിവാരി (മലപ്പുറം), പുല്‍കിത് ആര്‍ ആര്‍ ഖരേ (പൊന്നാനി), ചെലവ് നിരീക്ഷകരായ ആദിത്യ സിങ് യാദവ് (മലപ്പുറം), പ്രശാന്ത് കുമാര്‍ സിന്‍ഹ (പൊന്നാനി), പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപുര്‍വ തൃപാദി, ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് തുടങ്ങിയവര്‍ മത്സരം വീക്ഷിക്കാനെത്തിയിരുന്നു.