താനൂര്‍ : ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വലിയ ആരോപണമാണ് കഴിഞ്ഞ ദിവസം പൊന്നാനി സ്വദേശിയായ വീട്ടമ്മ ഉന്നയിച്ചത്. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി, പൊന്നാനി സിഐ വിനോദ് എന്നിവര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയാണ് വീട്ടമ്മ ഉന്നയിച്ചിരുന്നത്. വീട്ടമ്മയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ആരോപണ വിധേയനായ താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നി മലപ്പുറം എസ്പിക്ക് പരാതി നല്‍കി.
മുട്ടില്‍ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്തതിലെ പ്രതികാരമാണ് ആരോപണം കെട്ടിച്ചമച്ചതിനു പിന്നിലെന്നാണ് ആരോപണം. അതിനാലാണ് പ്രതികള്‍ക്ക് പങ്കാളിത്തമുള്ള ചാനലില്‍ വാര്‍ത്ത വരാന്‍ കാരണമെന്നും പരാതിയില്‍ പറയുന്നു. ഡിജിപിക്കും ക്രൈംബ്രാഞ്ച് എഡിജിപിക്കും ബെന്നി പരാതി നല്‍കും. ആരോപണം നേരിട്ട മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, എസ്എച്ച്ഒ വിനോദ് എന്നിവരും ഇന്ന് ഡിജിപിക്കും മലപ്പുറം എസ്പിക്കും പരാതി നല്‍കും. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കോടതിയെ സമീപിക്കുന്നുണ്ട്. അതേസമയം ആരോപണം ഉന്നയിച്ച സ്ത്രീയുടെ പരാതി ഇതേവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.