തിരുവനന്തപുരം: ബലാത്സംഗ ആരോപണത്തില്‍ പ്രതികരണവുമായി പൊന്നാനി മുന്‍ സിഐ വിനോദ് വലിയാറ്റൂര്‍. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പരാതി നല്‍കി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണിതെന്നും വിനോദ് മാധ്യമങ്ങളോട് പ്രതികരിച്ചു. അപമാനിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടി കേസെടുത്തതില്‍ പിന്നീട് വീട്ടമ്മ എതിര്‍പ്പറിയിച്ചു. തനിക്ക് കിട്ടേണ്ട പണം കിട്ടാതാക്കിയെന്നും ഒത്തുതീര്‍പ്പ് ഉണ്ടാക്കിയാല്‍ മതിയായിരുന്നുവെന്നും എന്നായിരുന്നു വീട്ടമ്മ പറഞ്ഞു. പരാതി നല്‍കി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണ് ഇത്. പൊലീസിന് ഇത് മനസിലായിട്ടുണ്ടെന്നും വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. സിവില്‍, ക്രിമിനല്‍ കേസുകളുമായി മുന്നോട്ട് പോകുമെന്നുെം സിഐ വിനോദ് പറഞ്ഞു.
മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാല്‍സംഗം ചെയ്തുവെന്ന ആരോപണവുമായി വീട്ടമ്മ രംഗത്തെത്തിയത്. പരാതി അന്വേഷിച്ച സിഐ ബെന്നിക്കെതിരെയും വീട്ടമ്മ ആരോപണമുന്നയിക്കുന്നുണ്ട്. കുടുംബ വസ്തുവുമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷമാണ് തന്നെ ഇരയാക്കിയതെന്ന് വീട്ടമ്മ പറഞ്ഞു. പിവി അന്‍വര്‍ എംഎല്‍എയുമായി നേരില്‍ കണ്ട ശേഷമാണ് പരാതി പരസ്യമായി ഉന്നയിച്ചതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നിയമപരമായി നേരിടുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
പൊന്നാനി സിഐ വിനോദിനെയാണ് പരാതിയുമായി ആദ്യം സമീപിച്ചത്. വിനോദ് അന്വേഷണത്തിന്റെ മറവില്‍ പീഡിപ്പിച്ചു. പിന്നീട് ഇതേക്കുറിച്ച് പരാതിയുമായി ചെന്നപ്പോള്‍ എസ്പി യായിരുന്ന സുജിത് ദാസും പീഡിപ്പിച്ചു. ഡിവൈഎസ് പി ബെന്നി മോശമായി പെരുമാറിയതായും വീട്ടമ്മ ആരോപിക്കുന്നു. ആരോപണം നിഷേധിച്ച സുജിത് ദാസും സിഐ വിനോദും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്നു.