പറപ്പൂർ :മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി പെൻ ബോക്സ് സ്ഥാപിച്ചു. പറപ്പൂർ ഇരിങ്ങല്ലൂർ എ എം എൽ പി സ്കൂളിൽ സ്ഥാപിക്കാൻ ഉള്ള പെൻ ബോക്സ് സ്കൂൾ ലീഡർ ഇകെ ഫാത്തിമ നജക്ക് സി എസ് എസ് ലൈബ്രറി പ്രവാസി ഭാരവാഹി ഫസലുറഹ്മാൻ എകെ കൈമാറി . ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ കേന്ദ്രീകരിച്ച് സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം ശേഖരിച്ച് സംസ്കരിക്കാനായി കൈമാറണമെന്ന സന്ദേശമുയർത്തിയാണ് ക്യാംപയ്ൻ നടത്തുന്നത്.
‘എഴുതിത്തീർന്ന സമ്പാദ്യം ‘ ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമസേനക്കോ, പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറാം. ആർട്ട് ഇൻസ്റ്റളേഷനാക്കിയും മാതൃക തീർക്കാം.
വിദ്യാലയങ്ങളെയും വീടുകളെയും എല്ലാം ഇതിന്റെ ഭാഗമാക്കാനാണ് ആലാേചിക്കുന്നത്. ഖത്തറിലെ ഫുട്ബോൾ ഗാലറി വൃത്തിയാക്കി മടങ്ങിയ ജാപ്പനീസ് സംഘം നൽകിയ പാഠം ഉൾക്കൊണ്ട് കൂടിയാണ് വിദ്യാർത്ഥികളിലേക്ക് ഇത്തരമൊരു ക്യാമ്പയിൻ കേന്ദ്രീകരിക്കുന്നത് എന്നും ജില്ലാ ശുചിത്വ മിഷൻ ഓഫീസ് അറിയിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വരെ നീണ്ടു നിൽക്കുന്നതാണ് ഈ കാമ്പയിൻ.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പി മുഹമ്മദ് സബാഹ് മാസ്റ്റർ , എകെ സക്കീർ സിഎസ്എസ് ലൈബ്രറി സെക്രട്ടറി, ഷാഹിദ് മാസ്റ്റർ, രാകേഷ് മാസ്റ്റർ, ശബ്ന ടീച്ചർ, ജസീല ടീച്ചർ, എം ഷെമീം, ശിഹാബ് കെ എന്നിവർ പങ്കെടുത്തു.