നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു

സന്തോഷത്തോടെ പോയ കുട്ടിയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ നാട്ടുകാർ

തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm

കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് – വടക്കേപുറത്ത് സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്.
വയറിളക്കവും ഛർദിയും തലവേദന യും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.

വീഡിയോ

ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂർ കളത്തിങ്ങൾ പാറയിലെ സമീറയുടെ വീട്ടിൽ പോയതായിരുന്നു. രഹക്ക് ചർദിയും വയർ വേദനയും ഉണ്ടായതിനെ തുടർന്നു മുന്നിയൂർ ആലിൻ ചുവട് ആശുപത്രിയിൽ കാണിച്ചു. ഇവിടെ നിന്ന് രാത്രി തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് പോയി. വിശദമായ പരിശോധന വേണമെന്ന് പറഞ്ഞപ്പോൾ അർധ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു. അല്പം കഴിഞ്ഞപ്പോഴേക്കും മരിച്ചു. രോഗലക്ഷണവും പെട്ടെന്നുള്ള മരണവും കാരണം മെഡിക്കൽ കോളേജിൽ നിന്ന് മരണ കാരണം അറിയാൻ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവിടെ നടത്തിയ ട്രൂനാറ്റ്‌ പരിശോധനയിൽ ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മുന്നിയൂരിൽ വീട്ടിൽ മറ്റു ചിലർക്കും വയർ വേദനയും ഛർദിയും ഉള്ളതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇവർ ചികിത്സ തേടിയിരുന്നു. മരിച്ച കുട്ടിയുടെ ഉമ്മാക്കും സഹോദരങ്ങൾക്കും പനി ഉണ്ടായതിനെ തുടർന്ന് ഇവരുടെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നന്നമ്പ്രയിലും മുന്നിയൂരിലും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വെള്ളം പരിശോധനയ്ക്കയി അയച്ചിട്ടുണ്ട്. ഒ ആർ എസ് ലായനി വിതരണം ചെയ്തു. രോഗലക്ഷണംഉള്ള ബന്ധുക്കളോട് മരണ വീട്ടിലേക്ക് വരേണ്ടെന്ന് നിർദേശം നൽകി.

കുട്ടിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. വ്യാഴാഴ്‌ച വൈകീട്ട് സ്കൂൾ വിട്ടു വളരെ സന്തോഷത്തോടെ ഉമ്മയുടെ വീട്ടിലേക്ക് പോയ കുട്ടി അടുത്ത ദിവസം മരിച്ചു എന്നറിഞ്ഞപ്പോൾ അതിന്റെ സങ്കടത്തിലാണ് സ്കൂളിലെ കുട്ടികളും അധ്യാപകരും. ഒറ്റ ദിവസം കൊണ്ട് രോഗം പിടിപെട്ട് പിറ്റേ ദിവസം തന്നെ മരണത്തിന് കീഴടങ്ങിയത് ഉൾക്കൊള്ളാൻ ബന്ധുക്കൾക്കും വീട്ടുകാർക്കും കഴിഞ്ഞിട്ടില്ല. രോഗത്തിന്റെ തീവ്രതയാകും പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്നാണ് നിഗമനം. മരണ വിവരമറിഞ്ഞ് പിതാവ് ഫഹദ് വിദേശത്തു നിന്നെത്തിയ ശേഷം കബറടക്കി. മുഹമ്മദ് റൈഹാൻ, റയ്യ എന്നിവർ റഹയുടെ സഹോദരങ്ങളാണ്.

error: Content is protected !!