Monday, September 1

മരണപ്പെട്ട ജീവനക്കാരിയുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ആനുകൂല്യം നിഷേധിച്ചു: ഇന്‍ഷുറന്‍സ് വകുപ്പ് 4,37,200 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : മരണപ്പെട്ട ജീവനക്കാരിയുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ആനുകൂല്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് വകുപ്പ് 4,37,200/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപത്തിലെ അധ്യാപിക മരണപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്യുറന്‍സിനെ ആനുകൂല്യത്തിനായി സമീപിച്ചപ്പോള്‍ പോളിസി ആനുകൂല്യം നിഷേധിച്ച സംഭവത്തിലാണ് ഉപഭോക്തൃ കമ്മീഷന്‍ 4,37,200/ രൂപ ഒരു മാസത്തിനകം നല്‍ക്കാന്‍ വിധിച്ചത്. ജോലി ലഭിച്ചതു പ്രകാരം നിര്‍ബ്ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയായ സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്യുറന്‍സ് പദ്ധതിയില്‍ ജീവനക്കാരി സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ ആദ്യ പ്രീമിയം അടക്കുകയും ജോലി സ്ഥിരപ്പെടുത്തുന്നതില്‍ കാലതാമസം ഉണ്ടായതിനാല്‍ എട്ടു മാസത്തിലധികം ശമ്പളം ലഭിക്കാത്തത് കാരണം പ്രീമിയം മുടങ്ങുകയും ചെയ്തു. ശമ്പളം ലഭിക്കാന്‍ തുടങ്ങിയത് മുതല്‍ വീഴ്ചയില്ലാതെ പ്രതിമാസം 1,000/ രൂപ പ്രകാരം 80,000/ രൂപ ജീവനക്കാരി മരണപ്പെടുന്നത് വരെ അടച്ചു.

മരണാനന്തരം ആനുകൂല്യത്തിനായി സമീപിച്ചപ്പോഴാണ് ആദ്യ പ്രീമിയം അടച്ചശേഷം എട്ടു മാസം കഴിഞ്ഞാണ് പ്രീമിയം അടക്കാന്‍ തുടങ്ങിയതെന്നും ഇന്‍ഷ്യുറന്‍സ് പദ്ധതി പ്രകാരം തുടര്‍ച്ചയായി ആറുമാസം പണം അടക്കാതിരുന്നതിനാല്‍ പോളിസി കാലഹരണപ്പെട്ടുവെന്നും പണം അടക്കാനും പോളിസി പുതുക്കാനുമുള്ള ബാധ്യത ജീവനക്കാരുടെ മാത്രമാണെന്നും ആയതിനാല്‍ ആനുകൂല്യം അനുവദിക്കാനാവില്ലെന്നും ഇന്‍ഷുറന്‍സ് വകുപ്പ് അറിയിക്കുകയായിരുന്നു. ജീവനക്കാരി അടവാക്കിയ 81,000/ രൂപ മാത്രം തിരിച്ചു നല്‍കാന്‍ ഒരുക്കമാണെന്നും വകുപ്പ് അറിയിച്ചു. ഇതേ തുടര്‍ന്ന് ഇന്‍ഷുറന്‍സ് വകുപ്പിനും സ്ഥാപന മേധാവിക്കുമെതിരെ മരണപ്പെട്ട ജീവനക്കാരിയുടെ ഭര്‍ത്താവും ഏക മകളും അവകാശികള്‍ എന്ന നിലയില്‍ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കി.

2013 നവംബറില്‍ ആദ്യ പ്രീമിയം അടവാക്കിയ ശേഷം തുടര്‍ന്ന് പ്രീമിയം സ്ഥിരമായി അടവാക്കാന്‍ തുടങ്ങിയത് സ്ഥിരമായി ശമ്പളം ലഭിക്കാന്‍ തുടങ്ങിയ എട്ടു മാസത്തിനു ശേഷമാണെങ്കിലും ഇതിനകം പോളിസി ലാപ്‌സായി എന്ന വിവരം ഒരു ഘട്ടത്തിലും ഇന്‍ഷുറന്‍സ് വകുപ്പ് ജീവനക്കാരിയേയോ സ്ഥാപന മേധാവിയേയോ അറിയിച്ചിരുന്നില്ല. 2013 ല്‍ അടവാക്കിയ പ്രീമിയവും പോളിസി കാലാവധി സംബന്ധിച്ച വ്യവസ്ഥകളും ഇന്‍ഷുറന്‍സ് വകുപ്പ് നല്‍കിയത് നാല് വര്‍ഷത്തിനു ശേഷമാണ.് പോളിസി വ്യവസ്ഥ പ്രകാരം കാലഹരണപ്പെട്ടതായിരുന്നുവെങ്കില്‍ നാലു വര്‍ഷത്തിനു ശേഷം 2018-ല്‍ സ്ഥാപന മേധാവി ഒപ്പിട്ടു നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഈ വിവരം രേഖപ്പെടുത്താമായിരുന്നു. അത് ചെയ്യാതെ 80 മാസം മുടക്കമില്ലാതെ പ്രീമിയം സ്വീകരിച്ച ശേഷം പോളിസി കാലഹരണപെട്ടതായിരുന്നുവെന്ന് പറയുന്നത് സേവനത്തിലെ വീഴ്ചയും കൃത്യവിലോപവുമാണെന്ന് കമ്മീഷന്‍ വിധിച്ചു.

ജീവനക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി ആവിഷ്‌കരിക്കുന്ന പദ്ധതിയുടെ ആനുകൂല്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നഷ്ടപ്പെടുന്നത് ഉചിതമല്ല. നിശ്ചിത എണ്ണം പ്രതിമാസ പ്രീമിയം അടച്ചാല്‍ മാത്രമേ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന വ്യവസ്ഥ ഇല്ലാത്തതിനാല്‍ 80 മാസം മുടക്കമില്ലാതെ പ്രീമിയം അടച്ച് സര്‍വ്വീസിലിരിക്കെ മരണപ്പെട്ട ജീവനക്കാരിയുടെ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നും പോളിസി കാലഹരണപ്പെട്ടതായി കണക്കാക്കാനാവില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

ഇന്‍ഷുറന്‍സ് തുക 4,12,200 രൂപയും 20,000/ രൂപ നഷ്ടപരിഹാരവും 5,000/ രൂപ കോടതി ചെലവും നല്‍കണം. വീഴ്ച വന്നാല്‍ ഒന്‍പതു ശതമാനം പലിശയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

error: Content is protected !!