Sunday, August 17

രണ്ട് വിദേശ സര്‍വകലാശാലകളുമായി സഹകരണം ഉറപ്പാക്കി കാലിക്കറ്റിലെ ബോട്ടണി വകുപ്പ്

കാലിക്കറ്റ് സര്‍വകലാശാലയുമായി ഫ്‌ളോറിഡ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയും ബ്രസീലിലെ സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും  അക്കാദമിക ഗവേഷണ സഹകരണത്തിന് ധാരണ. പ്രാഥമിക തലത്തില്‍ ഇരു യൂണിവേഴ്‌സിറ്റികളുടെയും ഹെര്‍ബേറിയവുമായാണ് കാലിക്കറ്റിലെ സസ്യശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ സഹകരണം.

കാലിക്കറ്റില്‍ നടന്ന സസ്യ വര്‍ഗീകരണ ശാസ്ത്ര – അന്താരാഷ്ട്ര സെമിനാറിന്റെ   ഭാഗമായാണ് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലെ ക്യൂറേറ്ററും  പ്രൊഫെസറുമായ ഡോ. നിക്കോ സെല്ലിനീസ്,  സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അസോ. പ്രൊഫസര്‍ ഡോ. വിറ്റര്‍ എഫ്.ഒ. മിറാന്‍ഡ, പോസ്റ്റ് ഡോക്ടറല്‍ ഗവേഷക ഡോ. സൗറ റോഡ്രിഗസ് ഡാ സില്‍വ എന്നിവര്‍ സര്‍വകലാശാല സന്ദര്‍ശിച്ചത്.

കംപാനുലേസിയെ, മെലാസ്റ്റ്മാറ്റസിയെ, ബ്രോമിലിയേസിയെ, അസ്പരാഗേസിയെ, സാക്‌സിഫെറസിയെ, ലെന്റിബുലാറസിയെ എന്നീ സസ്യകുടുംബങ്ങളുടെ സിസ്റ്റമാറ്റിക്‌സ് ആന്‍ഡ് മോളിക്യൂലര്‍ ഫൈലോജനിയില്‍ പ്രഗത്ഭരാണ് ഇവര്‍. അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും ഗവേഷണ പദ്ധതികളുടെ സംയുക്ത വികസനം, ശാസ്ത്ര സാംസ്‌കാരിക പരിപാടികളുടെ സംയുക്ത സംഘടന എന്നിവയ്ക്ക് പ്രയോജനപ്പെടുന്നതാകും സഹകരണം.

വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ബോട്ടണി വിഭാഗം മേധാവി ഡോ. സി.സി. ഹരിലാല്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. സന്തോഷ് നമ്പി , ഡോ. സി. പ്രമോദ്, ഡോ. മഞ്ജു സി. നായര്‍, പി.ആര്‍.ഒ. സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!