ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്ന ഇലക്ഷൻ കൺട്രോൾ റൂമാണ് ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേയും വിവരങ്ങൾ ഏകോപിപ്പിച്ചത്. ജില്ലയിലെ ഓരോ മണിക്കൂറിലേയും പുതുക്കിയ വിവരങ്ങൾ കൺട്രോൾ റൂമിന്റെ സഹായത്തോടെ ഇലക്ഷൻ കമ്മീഷന്റെ പോൾ മാനേജർ ആപ്പിലേക്കും രണ്ട് മണിക്കൂർ കൂടുമ്പോൾ ഇ-കോർ സൈറ്റിലേക്കും നൽകി പൊതുജനങ്ങളിലെത്തിക്കാൻ സാധിച്ചു.
തിരഞ്ഞെടുപ്പിന്റെ തലേദിവസവും തിരഞ്ഞെടുപ്പ് ദിവസമായ ഇന്നും (വെള്ളി) ഇലക്ഷൻ കൺട്രോൾ റൂം ജില്ലാ ആസ്ഥാനത്ത് പ്രവർത്തിച്ചു. തിരഞ്ഞെടുപ്പിന്റെ തലേദിവസം പോളിങ് സാമഗ്രികൾ റിസപ്ഷൻ സെന്ററിൽ നിന്നും ഓരോ പോളിങ് ബൂത്തുകളിൽ എത്തുന്നത് വരെയുള്ള പ്രവർത്തനങ്ങൾ കൺട്രോൾ റൂം മുഖേന ഏകോപിപ്പിച്ചു. തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് രാവിലെ മോക്ക് പോൾ ആരംഭിക്കുന്നത് മുതൽ വോട്ടെടുപ്പ് തുടങ്ങുന്നത് വരെയുള്ള പ്രവർത്തനങ്ങൾ കൺട്രോൾ റൂമിന്റെ സഹായത്തോടെ ഏകോപിപ്പിച്ചു.
സാങ്കേതിക തകരാർ മൂലം ബൂത്തിലോ ഇ.വി.എം ഉപകരണത്തിലോ വി.വി പാറ്റിലോ നേരിട്ട തടസ്സങ്ങൾ ഉടൻ തന്നെ പുനഃസ്ഥാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൺട്രോൾ റൂമിന്റെ സഹായത്തോടെ നടപ്പാക്കി. വോട്ടിങ് ആരംഭിച്ചത് മുതൽ ഓരോ മണിക്കൂറിലും റിട്ടേണിങ് ഓഫീസറിൽ നിന്നും പുതുക്കിയ വിവരങ്ങൾ ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തി. വിവരങ്ങൾ നൽകാൻ താമസം നേരിടുന്ന ബൂത്തുകളിലും സാങ്കേതിക തകരാർ നേരിടുന്നയിടങ്ങളിലും സെക്ടറൽ ഓഫീസർമരെ ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചു. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേക്കുമായി 32 ഉദ്യോഗസ്ഥരാണ് ഒരു ഷിഫ്റ്റിൽ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത്.