പൊന്നാനി നഗരസഭയിൽ കുറ്റിക്കാട് പ്രദേശത്ത് കണ്ടെത്തിയത് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) തന്നെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനിയല്ലെന്ന രൂപത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊന്നാനി ആശുപത്രിയിൽ വെച്ച് നടത്തിയ ആര്‍.ഡി.ടി പരിശോധനയിലും രക്ത പരിശോധനയിലും മൂന്ന് രോഗികൾക്കും മലമ്പനി ആണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് എന്ന പ്രദേശത്ത് മൂന്ന് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) റിപ്പോർട്ട് ചെയ്തിരുന്നു. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ റാപിഡ് ഫീവര്‍ സര്‍വ്വേ, ഫോഗിങ്, ഐ.ആര്‍.എസ്(INSECTIDE RESIDUAL SPRAY) എന്നിവ നടത്തിയിരുന്നു. വെക്ടര്‍ ആയ അനോഫിലിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളെയും കണ്ടെത്തിയിരുന്നു. മലമ്പനിരോഗം ഉറപ്പുവരുത്തുന്നത് രക്ത പരിശോധനയിലൂടെയാണ്.
പനി ഉള്ള സാഹചര്യത്തിൽ രോഗാണുവിന്റെറ തോതു കുറഞ്ഞ സമയത്തും, പെരിഫെറല്‍ സ്മിയര്‍ (PERIFERAL SMEAR) എടുത്ത് നോക്കിയാൽ രോഗം ബാധിച്ച രക്താണുവിനെ കാണാൻ കഴിയും. സംശയമുള്ള രോഗികളെ രക്ത പരിശോധന നടത്തുന്നതിന് മുമ്പ് ആര്‍.ഡി.ടി കിറ്റ് ഉപയോഗിച്ച് പരിശോധിക്കുകയും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ ചികിത്സ നല്‍കുകയും ചെയ്യാറുണ്ട്. പൊന്നാനി ആശുപത്രിയിൽ വച്ചു നോക്കിയ ആര്‍.ഡി.ടി പരിശോധനയിലും രക്ത പരിശോധനയിലും മൂന്ന് രോഗികൾക്കും മലമ്പനി ആണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.
ആദ്യം രണ്ട് മലമ്പനി കേസുകള്‍ കണ്ടെത്തിയതിനെ തുടർന്ന് പരിസരത്തുള്ള 2040 ആളുകളുടെ രക്ത പരിശോധന നടത്തിയിരുന്നു. ഇതില്‍ 54 വയസ്സുള്ള മറ്റൊരാൾക്ക് കൂടി ആര്‍.ഡി.ടി പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും തുടർന്ന് മലമ്പനി ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഇത്തരത്തിൽ രക്ത പരിശോധന നടത്തിയവരുടെ സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലേക്ക് പി.സി.ആര്‍ പരിശോധനയ്ക്കായി അയക്കുന്നുണ്ട്. മലമ്പനി രോഗം സ്ഥിരീകരിച്ചവർ ഏതെങ്കിലും തരത്തിൽ ചികിത്സ എടുത്താൽ (ആൻറിബയോട്ടിക്കുകൾ) പിന്നീട് രക്ത പരിശോധനയിൽ അസുഖം കണ്ടെത്തണമെന്നില്ല.
പനിയുള്ള സമയത്ത് രക്ത പരിശോധന നടത്തിയാൽ മലമ്പനിയുടെ രോഗാണുവിനെ കണ്ടെത്താൻ സാധ്യത കൂടുതലാണ്. ചില ആന്റിബയോട്ടികുകൾ മലമ്പനിയുടെ രോഗാണുവിനെതിരെ പ്രവർത്തിക്കുന്നതിനാൽ അസുഖത്തിന് താത്കാലിക ശമനം ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ നടത്തുന്ന പരിശോധന ഫലം വെച്ച് രോഗം ഇല്ല എന്ന് വിലയിരുത്തുന്നത് അപകടകരമാണ്. തലച്ചോറിനെ ബാധിക്കുന്ന ഫാൽസിപ്പാറം മലമ്പനി ഉണ്ടായാൽ മരണം വരെ സംഭവിക്കാറുണ്ട്. അതുകൊണ്ടാണ് മലമ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ എത്രയും പെട്ടെന്ന് ആര്‍.ഡി.ടി കിറ്റ് ഉപയോഗിച്ച് എല്ലാ പനി ബാധിതരെയും പരിശോധിക്കുകയും രോഗ നിർണ്ണയം നടത്തി എത്രയും പെട്ടെന്ന്ചികിത്സ നൽകുകയും ചെയ്യുന്നത്.
പൊന്നാനിയില്‍ കണ്ടെത്തിയത് മലമ്പനിയല്ലെന്ന രൂപത്തില്‍ വന്ന വാർത്ത തെറ്റിദ്ധാരണജനകവും പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരവുമാണ്. പൊന്നാനി താലൂക്ക് ആശുപത്രിയിൽ വെച്ച് നടത്തിയ മലമ്പനി പരിശോധനയുടെ രക്തസാമ്പിളുകൾ ജില്ലയുടെ ബയോളിസ്റ്റും ജില്ലാ സർവെയലൻസ് ഓഫീസറും പരിശോധിച്ചതാണ്. ബൈവാലന്റ് ആര്‍.ഡി.ടി കിറ്റ് (BIVALANT RDT KIT) പരിശോധനയിലൂടെ മലമ്പനി പോസിറ്റീവ് ആയാൽ, രോഗിയെ ചികിത്സിക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശമുണ്ട്. ലോകാരോഗ്യ സംഘടനയുടെ പരിശീലനം ലഭിച്ച ജില്ലയിലെ സ്റ്റാഫ് രോഗാണുവിനെ കണ്ടെത്തിയതിനു ശേഷമാണ് ചികിത്സ ആരംഭിച്ചത്. ഈ സ്ലൈഡുകൾ കൂടുതൽ പരിശോധനയ്ക്കായി സംസ്ഥാന ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.