പാലക്കാട്: പാലക്കാട് കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിലും പൊട്ടിത്തെറി. പാര്‍ട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ച് പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗവും പാലക്കാട് ഓട്ടോ ടാക്സി യൂണിയന് ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമായ അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂര്‍ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബുവും ഷുക്കൂറും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമര്‍ശിച്ച് കുറിപ്പിട്ട ശേഷം താന്‍ പാര്‍ട്ടി വിടുകയാണെന്ന് അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞത്.
കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ വഴി ഷുക്കൂറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നതായാണ് വിവരം. അതേസമയം പാര്‍ട്ടി വിടുകയാണ് ഷുക്കൂര്‍ വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാടെ പ്രധാന സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ് ഷുക്കൂറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഷുക്കൂറിനെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ നിലനിര്‍ത്താനാണ് ശ്രമം.