Friday, November 14

നൂതനാശയങ്ങള്‍ക്ക് ചിറകേകാന്‍ കാലിക്കറ്റില്‍ ഒരുവര്‍ഷത്തിനകം ‘ഫാബ് ലാബ്’

തേഞ്ഞിപ്പലം: വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ പ്രയോഗവത്കരിക്കാനായി ഒരു വര്‍ഷത്തിനകം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ‘ഫാബ് ലാബ്’ തുടങ്ങുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജില്‍ പുതുതായി പ്രവേശനം നേടിയവര്‍ക്കായുള്ള മാര്‍ഗനിര്‍ദേശക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റാര്‍ട്ട് അപ് മിഷനുമായി സഹകരിച്ചാണ് വിദ്യാര്‍ഥികളുടെ സംരഭകത്വ പ്രോത്സാഹനം കൂടി ലക്ഷ്യമിട്ട് ഫാബ് ലാബ് തുടങ്ങുന്നത്. സമൂഹത്തിനാവശ്യമുള്ള കണ്ടുപിടിത്തങ്ങള്‍ ഇതുവഴി എളുപ്പത്തില്‍ എത്തിക്കാനാകും. കഴിഞ്ഞു പോയതോര്‍ത്ത് നിരാശപ്പെടാതെയും ഭാവിയെക്കുറിച്ചോര്‍ത്ത് ആകുലപ്പെടാതെയും ഇന്നിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും വി.സി. അഭിപ്രായപ്പെട്ടു. യോഗത്തില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാശ്രയ ഡയറക്ടറേറ്റ് വിഭാഗം ഡയറക്ടര്‍ ഡോ. എ. യൂസഫ്, സിന്‍ഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ്, പി.ടി.എ. വൈസ് പ്രസിഡന്റ് പി. നാരായണന്‍, അസി. രജിസ്ട്രാര്‍ സത്യന്‍ കളരിക്കണ്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ‘റാഗിങ് വിമുക്ത കാമ്പസും സൈബര്‍ സുരക്ഷാ അവബോധവും’ എന്ന വിഷയത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ബി. ജിറ്റ്സ് ക്ലാസെടുത്തു. 26 വരെ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.

error: Content is protected !!