
ഈ വര്‍ഷത്തെ ഹജജ് ക്യാമ്പുകൾക്കുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും പൂര്‍ത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രില്‍ 30 ന് കൊച്ചിയില്‍ നിന്നും പുറപ്പെടും. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 29ന് കൊച്ചിയില്‍ നടക്കും.
കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലായി കേരളത്തില്‍ നിന്നും ഇത്തവണയും മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. കേരളത്തില്‍ നിന്നും നിലവില്‍ 13194 പേരാണ് ഹജജിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 7943 പേര്‍ കൊച്ചിയില്‍ നിന്നും 4279 പേര്‍ കണ്ണൂരില്‍ നിന്നും 944 പേര്‍ കോഴിക്കോട് നിന്നുമാണ് യാത്രയാകുന്നത്. കേരളത്തിലെ 28 പേര്‍ മറ്റു സംസ്ഥാനങ്ങളിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നു ഹജ്ജ് തീര്‍ഥാടനത്തിനായി പോകുന്നുണ്ട്. ഇതു കൂടാതെ ലക്ഷദ്വീപ്-107, പോണ്ടിച്ചേരി-39, തമിഴ്നാട്-263, കര്‍ണാടക- 239, ഉത്തര്‍പ്രദേശ്-5, മഹാരാഷ്ട്ര-2 തെലുങ്കാന-2 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഹാജിമാര്‍ കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും യാത്രയാകുന്നുണ്ട്.
ആദ്യ വിമാനം ഏപ്രില്‍ 30ന് കൊച്ചിയില്‍ നിന്നും ഉച്ചയ്ക്ക് 2.10 ന് 430 തീര്‍ത്ഥാടകരുമായി ജിദ്ദയിലേക്ക് യാത്രയാകും. ഫ്ളൈനാസ് എയര്‍ലൈന്‍സാണ് കൊച്ചിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നത്. 430 പേരുടെ 20 സര്‍വീസുകളാണുള്ളത്. ഇതില്‍ ഏപ്രില്‍ 30 മുതല്‍ മെയ് 8 വരെ 17 നോര്‍മല്‍ (40 മുതല്‍ 45 വരെ) സര്‍വ്വീസുകളും മെയ് 17 മുതല്‍ 19 വരെ മൂന്ന് ഷോര്‍ട്ട് ഹജ്ജ് (25 ദിവസം) സര്‍വ്വീസുകളുമാണ്.
കണ്ണൂര്‍ എംബാര്‍ക്കേഷനില്‍ നിന്നും 2026 മെയ് ആറിനാണ് സര്‍വ്വീസുകള്‍ ആരഭിക്കുന്നത്. ഫ്ളൈ അദീല്‍ എയര്‍ലൈന്‍സ് 350 പേരുടെ 13 സര്‍വ്വീസുകളാണ് നടത്തുന്നത്.
കോഴിക്കോട് നിന്നും ഇത്തവണ ആകാശ എയര്‍ലൈന്‍സാണ് സര്‍വ്വീസ് നടത്തുന്നത്. മെയ് 14 മുതല്‍ 17 വരെ 145 പേരുടെ ഏഴു സര്‍വീസുകളാണുള്ളത്.
ഷോര്‍ട്ട് ഹജ്ജ്
ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി പുതുതായി ആരംഭിച്ച പാക്കേജാണ് ഷോര്‍ട്ട് ഹജ്ജ്. സാധാരണയായി ശരാശരി 40/45 ദിവസങ്ങളാണ് ഹജ്ജിന് സൗദിയില്‍ ഹാജിമാര്‍ക്ക് ലഭിക്കാറ്. പുതുതായി ആരംഭിച്ച ഷോര്‍ട്ട് ഹജ്ജിന് 25 ദിവസങ്ങളാണുള്ളത്. ഇതു കുറഞ്ഞ ദിവസം ആഗ്രഹിക്കുന്ന/ ലീവ് കുറഞ്ഞ തീര്‍ത്ഥാടകര്‍ക്ക് വളരെ സൗകര്യപ്രദമായ പാക്കേജാണ്. ഇതിന് താത്പര്യമുള്ളവര്‍ അപേക്ഷാ സമയത്ത് തന്നെ അപേക്ഷയില്‍ രേഖപ്പെടുത്തണം. ഇന്ത്യയില്‍ ഏഴ് എംബാര്‍ക്കേഷനില്‍ നിന്നാണ് ഷോര്‍ട്ട് ഹജ്ജ് സര്‍വ്വീസുള്ളത്. അതില്‍ കേരളത്തില്‍ നിന്നും കൊച്ചി ഉള്‍പ്പെടുന്നു.
ഹജ്ജ് ക്യാമ്പ് സംഘാടക സമിതി
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ചെയര്‍മാനായും അഡ്വ. പി. മൊയ്തീന്‍ കുട്ടി ജനറല്‍ കണ്‍വീനര്‍ ആയും മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റിലേക്കും വേണ്ടി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. കണ്ണൂരിൽ കണ്‍വീനറായി കമ്മിറ്റി മെമ്പര്‍ പി.പി. മുഹമ്മദ്റാഫി, കൊച്ചിയില്‍ നൂര്‍ മുഹമ്മദ് നൂര്‍ഷാ, കോഴിക്കോട് അഷ്‌കര്‍ കോറാട് എന്നിവരെ കണ്‍വീനറായും ഹജ്ജ് കമ്മറ്റി ചുമതലപ്പെടുത്തി. സബ് കമ്മിറ്റി കണ്‍വീനര്‍മാരായി കഴിഞ്ഞ പ്രാവശ്യത്തെ സംഘാടകസമിതി തന്നെ തുടരും.
കൊച്ചി സിയാല്‍ അക്കാദമിയില്‍ പന്തലിന്റെയും മറ്റു സംവിധാനങ്ങളുടെയും പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. കൊച്ചിയില്‍ കൊച്ചിന്‍ എയര്‍പോര്‍ട്ട് അധികൃതരാണ് പന്തലും മറ്റു പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുന്നതും. കണ്ണൂരില്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം പ്രത്യേകം തയ്യാറാക്കുന്ന പന്തലിലാണ് ഹജ്ജ് ക്യാമ്പ് നടക്കുന്നത്. കണ്ണൂരില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് പന്തല്‍ നിര്‍മ്മിക്കുന്നത്. ഇതിന് ടെന്‍ഡര്‍ വിളിച്ച് നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിച്ചു.
ഏജന്‍സി മീറ്റിംഗ്
മൂന്ന് എംബാര്‍ക്കേഷനിലേയും ഹജ്ജ് ക്യാമ്പ് ഒരുക്കങ്ങള്‍ക്കായി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും യോഗം അതത് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്തു. സംസ്ഥാന സര്‍ക്കാറും, ഹജ്ജ് കമ്മിറ്റിയും വിവിധ വകുപ്പുകളുടെ മേലുദ്യോഗസ്ഥരും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും എല്ലാ വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. മൂന്ന് ക്യാമ്പിലും ഹാജിമാര്‍ക്ക് ഭക്ഷണം നല്‍കുന്നതിന്നായി വിപുലമായ കാന്റീന്‍ സൗകര്യം ഒരുക്കും. മൂന്ന് എംബാര്‍ക്കേഷനിലേക്കും ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്കും രേഖകള്‍ കൈമാറുന്നതിനുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഹജ്ജ് സെല്‍ രൂപീകരിച്ച് ഉത്തരവിറക്കി.
കോഴിക്കോട് ഹജ്ജ് സെല്‍ ഓഫീസര്‍ കെ.കെ. മൊയ്തീന്‍ കുട്ടി, കൊച്ചി സെല്‍ ഓഫീസര്‍ വൈ.ഷമീര്‍ഖാന്‍, കണ്ണൂര്‍ സെല്‍ ഓഫീസര്‍ നജീബ് എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. യു. അബ്ദുല്‍ കരീമിനെ ഹജ്ജ് ക്യാമ്പ് സ്പെഷ്യല്‍ ഓഫീസറായ bo ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഹജജ് കമ്മിറ്റിയുടെ ഓഫീസ് പ്രതിനിധികള്‍ ഹജ്ജ് ക്യാമ്പില്‍ രേഖകളുടെയും മറ്റും മേല്‍നോട്ടത്തിനായി ഹജ്ജ് ക്യാമ്പില്‍ എത്തും.
ഇത്തവണയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മൂന്ന് ഘട്ടങ്ങളിലായുള്ള സാങ്കേതിക പരിശീലന ക്ലാസ്സുകള്‍ ഹാജിമാര്‍ക്കായി സംഘടിപ്പിച്ചു. പുതുതായി ഈ വര്‍ഷം മുതല്‍ സ്മാര്‍ട്ട് വാച്ച്, ഹജ്ജ് സുവിധ അപ്ലിക്കേഷന്‍ ഉപയോഗം തുടങ്ങിയവയില്‍ കൃത്യമായ പരിശീലനം ഹാജിമാര്‍ക്ക് നല്‍കി. ഓരോ 150 ഹാജിമാര്‍ക്ക് ഒരാള്‍ എന്ന തോതില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരായ സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍മാര്‍ ഹാജിമാരെ വിമാനത്തില്‍ അനുഗമിക്കും. ഇവര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റി പ്രത്യേക ദ്വിദിന പരിശീലനം നല്‍കിയിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ അഡ്വ. പി മൊയ്തീന്‍കുട്ടി, അഷ്‌കര്‍ കോറാട്, പി. അബ്ദുറഹിമാന്‍ ഇണ്ണി, നോഡല്‍ ഓഫീസര്‍ പി.കെ.അസ്സയിന്‍ എന്നിവര്‍ പങ്കെടുത്തു.