മലപ്പുറം: ഭാര്യയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് ഒരു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മല്‍ മുഹമ്മദ് റിയാസിനാണു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. കേസിലെ രണ്ടാം പ്രതി ഭര്‍തൃ പിതാവ് അബ്ദു(63), മൂന്നാം പ്രതി ഭര്‍തൃ മാതാവ് നസീറ(42) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.
2005 മാര്‍ച്ച് 15നായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം അമരമ്പലം അയ്യപ്പന്‍കുളത്തെ വീട്ടിലും പിന്നീടു താഴെചുള്ളിയോട് തറവാട്ടുവീട്ടിലും താമസിച്ചുവരവെയായിരുന്നു പ്രതി ഭാര്യയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഭര്‍ത്താവ് ഭാര്യയെ ജനാലയില്‍ കെട്ടിയിട്ടാണ് ക്രൂരമായി പീഡിപ്പിച്ചത്. യുവതിയുടെ രഹസ്യഭാഗത്ത് പൗഡര്‍ ടിന്‍, എണ്ണകുപ്പി, ടോര്‍ച്ച്, എന്നീ സാധനങ്ങള്‍ കുത്തി കയറ്റി വേദനിപ്പിച്ചു ബലാത്സംഗം നടത്തിയിരുന്നുവെന്നായിരുന്നു പരാതി.
പരാതിക്കാരിക്ക് വീട്ടുകാര്‍ വിവാഹ സമ്മാനമായി നല്കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും റിയാസും കുടുംബവും എടുത്ത് ഉപയോഗിച്ചു. തുടര്‍ന്ന്, കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു പീഡനം. കോഴിക്ക് തീറ്റ കൊടുക്കുന്ന പാത്രത്തില്‍ വരെ ഭക്ഷണം കഴിപ്പിച്ചും മറ്റും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നു ഇവര്‍.
നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന പി. അബ്ദുള്‍ ബഷീറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. വാസു ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സബിത ഓളക്കല്‍ പ്രോസിക്യൂഷനെ സഹായിച്ചു.