സാമ്പത്തിക സാക്ഷരതാ ക്വിസ്: ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കൾ

സർക്കാർ സ്‌കൂളുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഭാരതീയ റിസർവ് ബാങ്ക് നടത്തിയ മലപ്പുറം ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കളായി. എ. അഹമ്മദ് റാസി, വി.വി പ്രബിൻ പ്രകാശ് എന്നിവരാണ് സ്‌കൂളിന് വേണ്ടി മത്സരിച്ചത്.

ജൂൺ 26നു ഓൺലൈനായി സംഘടിപ്പിച്ച ഉപജില്ലാതല ക്വിസിൽ നിന്നും ഒന്നാം സ്ഥാനത്തെത്തിയ സ്‌കൂളുകളാണ് ജില്ലാതല ക്വിസിൽ പങ്കെടുത്തത്. മലപ്പുറത്തു നടന്ന ക്വിസ് മത്സരത്തിൽ ജി എച്ച് എസ് എസ് തടത്തിൽപറമ്പ് (അയൻ, മെഹബൂബ ജന്ന), ജി എച്ച് എസ് കാപ്പ് ( സി. മുഹമ്മദ് നിജിൽ, പി. ഫാത്തിമ റിയാന പി) എന്നീ സ്‌കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ജില്ലാതല ക്വിസിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 7500 രൂപ, 5000 രൂപ എന്ന ക്രമത്തിലും സമ്മാനത്തുക കൈമാറി. ആർ ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ബി ശ്രീകുമാർ, കെ.ജി.ബി ചെയർമാൻ സി. ജയപ്രകാശ്, കാനറ ബാങ്ക് എ.ജി.എം ശ്രീവിദ്യ, നബാർഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, ഫെഡറൽ ബാങ്ക് എ.ജി.എം. സി.എച്ച് സിയാദ് എന്നിവർ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും കൈമാറി.

ജില്ലയിൽ ഒന്നാമതെത്തിയ ജി വി എച്ച് എസ് എസ് കൽപകഞ്ചേരി ടീം ജൂലൈ 18നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 14 ജില്ലകളിൽ നിന്നുമുള്ള സ്‌കൂളുകൾ മാറ്റുരക്കുന്ന സംസ്ഥാനതല ക്വിസിലെ ജേതാക്കൾക്ക് സോണൽ ലെവൽ ക്വിസിനായി കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാൻ അവസരം ലഭിക്കും.

error: Content is protected !!