കെഎല്‍ 01 മുതല്‍ കെഎല്‍ 86 വരെ കേരളത്തില്‍ ഇനി എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം ; ചട്ടത്തില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്

കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍.ടി.ഓഫീസിന് കീഴിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന ചട്ടത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തി. ഉടമ താമസിക്കുന്നതോ, ബിസിനസ് നടത്തുകയോ ചെയ്യുന്ന സ്ഥലത്തെ ഏത് ആര്‍ടിഒപരിധിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്താമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ കാസര്‍കോട് ഉള്ള ഒരാള്‍ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്‍ സ്വന്തമാക്കാന്‍ സാധിക്കും.

കാസര്‍കോട് ജില്ലയിലുള്ള ഒരു വാഹനം തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അത് കാസര്‍കോട് തന്നെ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിലും ഈ വാഹനത്തിന്റെ ടാക്‌സ് മുടങ്ങുന്നത് പോലെയുള്ള കാര്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍.ടി.ഓഫീസിനായിരിക്കും ഉത്തരവാദിത്തം എന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, കെ.എല്‍.1, കെ.എല്‍.7, കെഎല്‍ 10, കെ.എല്‍.11 പോലെയുള്ള സ്റ്റാര്‍ രജിസ്റ്റര്‍ നമ്പറുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ എത്തിയേക്കുമെന്നതും വെല്ലുവിളിയാണ്. സ്ഥിരം മേല്‍വിലാസം ഇല്ലാത്ത സ്ഥലത്ത് മുമ്പും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികള്‍ മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വെച്ചിരുന്നു. തൊഴില്‍ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേല്‍വിലാസം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികള്‍ ഇതോടെ ഒഴിവാകുമെന്നും വിലയിരുത്തലുണ്ട്.

error: Content is protected !!