ചങ്ങരംകുളം : വല്ലിപ്പയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ പേരമകന്‍ വാഹനാപകടത്തില്‍ മരിച്ചു. വളയംകുളം പള്ളിക്കുന്ന് ഞാലില്‍ മരണപ്പെട്ട പള്ളിക്കര വളപ്പില്‍ കുഞ്ഞിപ്പയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ കുഞ്ഞിപ്പയുടെ മൂത്തമകളുടെ മകന്‍ മാറഞ്ചേരി സ്വദേശി തന്‍സീദ്( 27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴു മണിക്ക് കുന്നംകുളം കാണിപ്പയ്യൂരില്‍ വച്ചാണ് അപകടം സംഭവിച്ചത്.
വല്ലിപ്പയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തന്‍സീദ് തൃശ്ശൂരില്‍ വച്ച് ബസ്സില്‍ കയറിയിരുന്നു.എന്നാല്‍ ബസ് വരാന്‍ വൈകുമെന്ന് കണ്ട് തന്‍സീദ് ഉടന്‍ തന്നെ ഓട്ടോ വിളിച്ചുവരുകയായിരുന്നു. കാണിപ്പയ്യൂരില്‍ വെച്ച് പൂച്ച കുറുകെ ചാടി വെട്ടിച്ചതിനാലാണ് ഓട്ടോ മറ്റൊരു ബൈക്കില്‍ ഇടിച്ചു അപകടം സംഭവിച്ചത്. അപകടത്തില്‍ ചൂണ്ടല്‍ സ്വദേശി കളരിക്കല്‍ ഗോകുല്‍ (24 )എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടം പറ്റിയ ഉടനെ ഇരുവരെയും കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്‍സീദ് മരണപ്പെടുകയായിരുന്നു. മയ്യത്ത് കബറടക്കാന്‍ തന്‍സീദിന്റെ വരവും കാത്തിരിക്കുന്നതിനിടെയാണ് തന്‍സീദിന്റെ മരണ വിവരം അറിയുന്നത്. ഉടന്‍തന്നെ കബറടക്കം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ ആശുപത്രിയിലേക്ക് തിരിച്ചു.