15 ഏക്കർ ഭൂമി, പൈപ്പ് ലൈൻ, ടെലിഫോണ്, വൈദ്യുതി, ഡാറ്റ കേബിളുകൾ എന്നിവ നഷ്ടം. 5 മേൽ പാതകൾ വേണമെന്ന് ആവശ്യം
തേഞ്ഞിപ്പലം- ദേശീയപാതാ വികസനത്തിനായി ഭൂമിവിട്ടു നല്‍കുന്നതിന്റെ നഷ്ടപരിഹാര സാധ്യതകളുടെ വിശദപരിശോധനക്ക് ദേശീയപാതയുടെയും ജലവകുപ്പിന്റെയും ഉദ്യോഗസ്ഥ സംഘം 16-ന് കാലിക്കറ്റ് സര്‍വകലാശാലയിലെത്തും. വെള്ളിയാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയപാതാ പ്രോജക്ട് മാനേജരും എന്‍.എച്ച്.എ.ഐ. തിരുവനന്തപുരം യൂണിറ്റും പി.ഡബ്ല്യു.ഡി. അധികൃതരും പങ്കെടുത്ത യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍ വി. അനില്‍ കുമാര്‍, പ്ലാനിങ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ ബിജു ജോര്‍ജ് എന്നിവര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചു.
15 ഏക്കറോളം ഭൂമി നഷ്ടമാകുന്ന സര്‍വകലാശാലക്ക് ജലവിതരണ പൈപ്പുകള്‍, ടെലിഫോണ്‍, വൈദ്യുതി കേബിളുകള്‍, ഇന്റര്‍നെറ്റ് കേബിളുകള്‍ തുടങ്ങിയവയെല്ലാം പാതവികസനത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. അവശ്യസേവന സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ചെലവാകുന്ന തുക നല്‍കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും പങ്കെടുത്ത യോഗത്തില്‍ അറിയിച്ചിരുന്നു.
പാതവരുമ്പോള്‍ വിഭജിക്കപ്പെടുന്ന കാമ്പസിനെ ബന്ധിപ്പിക്കുന്നതിന് അഞ്ചിടത്തെങ്കിലും മേല്‍പ്പാത വേണമെന്നാണ് സര്‍വകലാശാലയുടെ ആവശ്യം. മൂവായിരത്തോളം വിദ്യാര്‍ഥികളും രണ്ടായിരത്തോളം ജീവനക്കാരുമുള്ള കാമ്പസിന്റൈ ഭാവി കൂടി ലക്ഷ്യമിട്ടുള്ളതാകണം പുതിയ പദ്ധതികളെന്ന് സര്‍വകലാശാലാ അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.