
ഈ വർഷം ഹജ്ജിന് ഇതിനകം തെരഞ്ഞെടുക്കപ്പെട്ട പുരുഷ മെഹ്‌റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിർവ്വഹിക്കുവാൻ മറ്റു മെഹ്‌റം ഇല്ലാത്ത സ്ത്രീകൾക്കായി നീക്കിവെച്ച സീറ്റിലേക്ക് സർക്കുലർ നമ്പർ 16 പ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെ 500 സീറ്റുകളാണ് ഇതിനായി നീക്കി വെച്ചത്. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നതാണ്. അപേക്ഷകർ ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തവരാകരുത്. ഹജ്ജ് കമ്മിറ്റി മുഖേനയോ, പ്രൈവറ്റ് ഗ്രൂപ്പ് മുഖേനയോ അല്ലാതെയോ മുമ്പ് ഹജ്ജ് ചെയ്തവർ അപേക്ഷിക്കാൻ അർഹരല്ല.
ഈ വിഭാഗത്തിൽ അപേക്ഷിക്കാൻ യോഗ്യരായ സ്ത്രീകൾ https://www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയ്യതി 2025 ഒക്ടോബർ 31 ആണ്.
അപേക്ഷകർക്ക് 2025 ഡിസംബർ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. അപേക്ഷയിൽ പുരുഷ മെഹ്‌റവുമായുള്ള ബന്ധം വ്യക്തമാക്കണം. ഒരു കവറിൽ പരമാവധി അഞ്ച് പേരായതിനാൽ നിലവിൽ അഞ്ച് പേരുള്ള കവറുകളിൽ മെഹ്‌റം ക്വാട്ട അപേക്ഷ സമർപ്പിക്കുവാൻ കഴിയില്ല. ഇതിനകം ഹജ്ജ് 2026ന് അപേക്ഷ സമർപ്പിച്ച് കവർ നമ്പർ ലഭിച്ചവർ ഈ വിഭാഗത്തിൽ അപേക്ഷിക്കാൻ അർഹരല്ല. വിവരങ്ങൾക്ക് സർക്കുലർ നമ്പർ 16 കാണുക.
(Sd/-)
ജാഫർ കെ. കക്കൂത്ത്
അസി. സെക്രട്ടറി
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി.