താനൂര്‍ കസ്റ്റഡി കൊലപാതകം; സിബിഐ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ കേസ് ഏറ്റെടുക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സിബിഐയുടെ നിലപാട് തേടി. നാളെ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേസ് അതിവേഗം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി ആണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികളായ പൊലീസുകാര്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചുവെന്ന കാര്യം ഹാരിസ് ജിഫ്രിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നിട്ടും പ്രതികളുടെ അറസ്റ്റ് വൈകുന്നു. സിബിഐ എത്രയും വേഗം കേസ് ഏറ്റെടുക്കണം. നിര്‍ണ്ണായക നിമിഷങ്ങളാണ് നഷ്ടപ്പെടുന്നതെന്നും ഹാരിസ് ജിഫ്രിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് സിബിഐയ്ക്ക് കൈമാറിയെന്നും സിബിഐ ആണ് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ മറുപടി നല്‍കി.

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. താനൂര്‍ കസ്റ്റഡി കൊലപാതകവും മയക്കുമരുന്ന് കേസും. ഈ കേസുകളുടെ കേസ് ഡയറിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഹാജരാക്കേണ്ടത്. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് ഇതിന്റെ ചുമതല. ഒപ്പം കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹാജരാക്കണം. താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില്‍ കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു. എന്നാല്‍ അന്വേഷണം ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം സിബിഐ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. കേസ് ഏറ്റെടുക്കാന്‍ വൈകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് അന്വേഷണം എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് സഹോദരന്‍ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടത്.

കേസ് അട്ടിമറിക്കാനാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ശ്രമമെന്നാണ് ഹാരിസ് ജിഫ്രിയുടെ ഹര്‍ജിയിലെ പ്രധാന ആക്ഷേപം. കൊലപാതകം നടത്തിയ പൊലീസുകാരെ മലപ്പുറം എസ്പി സംരക്ഷിക്കുന്നു. കേസിലെ സാക്ഷികളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വാധീനിക്കുന്നു. സത്യം പുറത്ത് കൊണ്ട് വരാന്‍ സിബിഐയുടെ സ്വതന്ത്ര അന്വേഷണം അനിവാര്യമാണ്. താനൂര്‍ എസ്‌ഐ കൃഷ്ണലാല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയ വെളിപ്പെടുത്തലുകള്‍ നിര്‍ണ്ണായകമാണ്. മലപ്പുറം എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വിവി ബെന്നി, സിഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരെ സ്ഥലം മാറ്റണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

error: Content is protected !!