മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഗതാഗതം നിരോധിച്ചു

വളാഞ്ചേരി-അങ്ങാടിപ്പുറം-വണ്ടൂർ-വടപുറം റോഡിൽ പുത്തനങ്ങാടി പള്ളിപ്പടി മുതൽ പാലച്ചോട് വരെയുള്ള ഭാഗത്ത് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ (ജനുവരി നാല് ) മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നതു വരെ നിരോധിച്ചു. വാഹനങ്ങൾ ഓണപ്പുടയിൽ നിന്നും പുലാമന്തോൾ വഴിയും വെങ്ങാട് നിന്നും ചെമ്മലശ്ശേരി റോഡ് വഴിയും തിരിഞ്ഞു പോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

വനിതാ കമ്മിഷൻ അദാലത്ത് 22ന്

വനിതാ കമ്മിഷൻ അദാലത്ത് ജനുവരി 22ന് രാവിലെ പത്ത് മുതൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.

————–

മോണ്ടിസോറി, പ്രീ -പ്രൈമറി, നഴ്സറി ടീച്ചർ ട്രെയ്നിങ്

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയ്നിങ് ഡിവിഷൻ ഈ മാസം ആരംഭിക്കുന്ന രണ്ടുവർഷം, ഒരുവർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയ്നിങ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/പ്ലസ്ടു/എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയ്നിങ് ഡിവിഷനിൽ ബന്ധപ്പെടാം. ഫോൺ: 7994449314.

——————

ദ്വിദിന മാധ്യമശിൽപ്പശാല

കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമപ്രവർത്തകർക്കായി മൂന്ന് മേഖലകളിലായി ‘ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമപ്രവർത്തനവും’ എന്ന വിഷയത്തിൽ ദ്വിദിന മാധ്യമ ശിൽപ്പശാല സംഘടിപ്പിക്കുന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ മാധ്യമപ്രവർത്തകർക്കായി മൂന്നാം മേഖലാ ശിൽപശാല കണ്ണൂർ ഹോട്ടൽ സ്‌കൈ പാലസിൽ ജനുവരി 10, 11 തീയതികളിൽ നടക്കും. ബാലനീതി സംബന്ധിച്ച അന്തർദേശീയ, ദേശീയ നിയമങ്ങൾ സംബന്ധിച്ച് ശിൽപ്പശാലയിൽ വിദഗ്ധർ സംസാരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ബാലനീതി സംബന്ധമായ വ്യാജ വാർത്തകൾ എങ്ങനെ കണ്ടുപിടിക്കാമെന്നതിൽ വിദഗ്ധ പരിശീലനവും ലഭിക്കും. താമസവും, ഭക്ഷണവും അക്കാദമി ഒരുക്കും. തൽപരരായ മാധ്യമ പ്രവർത്തകർക്ക് https://forms.gle/ULra5tYMyPLw9cFa9 എന്ന ലിങ്കിലൂടെയോ www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെയോ ജനുവരി എട്ടിന് മുൻപായി രജിസ്റ്റർ ചെയ്യാം.

————————

പൊന്നാനി താലൂക്ക് ആശുപത്രിയിൽ നിയമനം

പൊന്നാനി താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ്, ഇ.സി.ജി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ഡോക്ടർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. ബിരുദവും പി.ജി.ഡി.സി.എ/ഡി.സി.എ, കമ്പ്യൂട്ടറിൽ ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യാനുമുള്ള കഴിവ് എന്നിവയാണ് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയുടെ യോഗ്യത. നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പ്ലസ്ടു, കമ്പ്യൂട്ടർ, ആപ്ലിക്കേഷനിൽ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. ബി.എസ്.സി, എം.എൽ.ടി, ഡി.എം.എൽ.ടി, പാരാമെഡിക്കൽ രജിസ്ട്രേഷൻ എന്നിവയാണ് ലാബ് ടെക്നീഷ്യൻ തസ്തികയുടെ യോഗ്യത. ഏഴാംതരം വിജയം ആണ് ക്ലീനിങ് സ്റ്റാഫിന് വേണ്ടത്. പൊന്നാനി നഗരസഭാ പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. വി.എച്ച്.എസ്.സി, ഇ.സി.ജി ആൻഡ് ഓഡിയോമെട്രി ടെക്നീഷ്യൻ, രണ്ടുവർഷ എക്സ്പീരിയൻസ് എന്നിവയാണ് ഇ.സി.ജി ടെക്നീഷ്യൻ തസ്തികയുടെ യോഗ്യത. പ്ലസ്ടു സയൻസ്, ഡി.എം.ഇ നടത്തുന്ന ഡി.ആർ.ടി കോഴ്സ് പാസ് എന്നിവയാണ് റേഡിയോഗ്രാഫർ തസ്തികയുടെ യോഗ്യത. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബി.എസ്.സി നഴ്സിങ്/ ജനറൽ നഴ്സിങ്, നഴ്സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവരായിരിക്കണം. ബി.ഫാം/ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് ഫാർമസിസ്റ്റ് തസ്തികയുടെ യോഗ്യത. അംഗീകൃത എം.ബി.ബി.എസ് ബിരുദവും ടി.ജി.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് ഡോക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡോക്ടർ തസ്തികയിലെ നിയമനത്തിന് ജനുവരി ആറിനകം പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയുടെ അഭിമുഖം നാളെ (ജനുവരി അഞ്ച്) രാവിലെ 10.30നും ലാബ് ടെക്നീഷ്യൻ തസ്തികയുടെത് രാവിലെ 11.30നും ക്ലീനിംഗ് സ്റ്റാഫ് തസ്തികയുടെത് ആറിന് രാവിലെ 10.30നും ഇ.സി.ജി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളുടേത് രാവിലെ 11.30നും സ്റ്റാഫ് നഴ്സ് തസ്തികയുടേത് ഒമ്പതിന് രാവിലെ 10.30നും ഫാർമസിസ്റ്റ് തസ്തികയുടേത് രാവിലെ 11.30നും ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. ഫോൺ: 0494 2663089.

error: Content is protected !!