മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സൗജന്യ പരിശീലനം

ആതവനാട് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നാളെയും (ഡിസംബര്‍ 4) മറ്റന്നാളും(ഡിസംബര്‍ 5) കറവപ്പശു പരിപാലനം, കാട വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0494 2962296 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

——

ഒ.ബി.സി-ഇ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന PM-YASASVI OBC, EBC പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്തിനകത്തെ സ്ഥാപനങ്ങളില്‍ സി.എ, സി.എം.എ, സി.എസ് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കുന്നവര്‍ക്കും സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ പോസ്റ്റ്‌മെട്രിക് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 15. വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍- 0491 2505663

——-

സൈനിക വിശ്രമ മന്ദിരത്തില്‍ ജോലി ഒഴിവ്

———————

മലപ്പുറം സിവില്‍സ്റ്റേഷന്‍ വളപ്പിലുള്ള സൈനിക വിശ്രമ മന്ദിരത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് ( പ്രതിമാസം 7000 രൂപ ) ജോലി ചെയ്യുന്നതിന് വിമുക്തഭടന്മാര്‍/ അവരുടെ ആശ്രിതര്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഡിസംബര്‍ എട്ടിന് മുന്‍പ് അപേക്ഷിക്കണം.

ഫോണ്‍: 04832734932

അതിഥി അധ്യാപക നിയമനം

——————

താനൂര്‍ സി.എച്ച്.എം.കെ.എം ഗവ. കോളേജില്‍ 2023-2024 അധ്യയന വര്‍ഷത്തേക്ക് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ പത്തുമണിക്ക് കോളേജില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യു.ജി.സി യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റായ gctanur.ac.in ല്‍ ലഭിക്കും. ഫോണ്‍-04942582800

————-

തെളിവെടുപ്പ് യോഗം ആറിന്

സംസ്ഥാനത്തെ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഓര്‍ണമെന്റ്‌സ് മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഡിസംബര്‍ ആറിന് രാവിലെ 11 മണിക്ക് തൃശൂര്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഹാളില്‍ ചേരും. ജില്ലയിലെ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഓര്‍ണമെന്റ്‌സ് മേഖലകളിലെ തൊഴിലാഴി/ തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

————–

കാര്‍ഷിക സംരംഭകര്‍ക്ക് സൗജന്യമായി ഡി.പി.ആര്‍ തയാറാക്കി നല്‍കുന്നു

കാര്‍ഷിക സംരംഭം തുടങ്ങാന്‍ ആശയവും ആഗ്രഹവുമുണ്ടായിട്ടും ബാങ്കില്‍ ഡി.പി.ആര്‍ (വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട്) തയാറാക്കി നല്‍കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്‍ഷിക സംരംഭകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, എഫ്.പി.ഒ(ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍)കള്‍, എഫ്.പി.സി(ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി)കള്‍, കൃഷി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കൃഷിക്കൂട്ടങ്ങള്‍ എന്നിവര്‍ക്കായി സൗജന്യമായി ഡി.പി.ആര്‍ തയാറാക്കി നല്‍കുന്നു. ഇതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ പത്ത് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ഡി.പി.ആര്‍ ക്ലിനിക്കുകള്‍ നടത്തും. താല്‍പര്യമുള്ളവര്‍ അതാത് കൃഷി ഭവനുകളുമായി ബന്ധപ്പെടണം. ഫോണ്‍-0483 2733916

————–

ഗതാഗതം തടസ്സപ്പെടും

പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരമുള്ള നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കോടാലിപ്പൊയില്‍- ചെമ്പന്‍ കൊല്ലി റോഡില്‍ നാളെ (ഡിസംബര്‍ 4) മുതല്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെടുമെന്ന് പി.ഐ.യു എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

————-

അധ്യാപക ഒഴിവ്

കൂറ്റനാട് പ്രവര്‍ത്തിക്കുന്ന തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2023 -2024 അധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പായി കോളേജ് ഓഫീസില്‍ നേരിട്ടോ thrithalacollege@gmail.com എന്ന ഇമെയില്‍ വഴിയോ ലഭിക്കണം. ഫോണ്‍: 9567176945

—————–

ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം

മലപ്പുറം ജില്ലയില്‍ നൂതന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഓട്ടോമേഷന്‍ (വ്യാവസായികം, ഗാര്‍ഹികം)മേഖലയിലാണ് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടി ഡിസംബര്‍ 18ന് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ആരംഭിക്കും. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം ആണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മുന്‍ഗണനാ വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ആദ്യം അപേക്ഷിക്കുന്ന അനുയോജ്യരായ 25 അപേക്ഷകരെയാണ് പരിഗണിക്കുന്നത്. 50 ശതമാനം സീറ്റ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിനും വനിതകള്‍ക്കുമായി മാറ്റിവച്ചിട്ടുണ്ട്. പ്രായപരിധി 45 വയസ്. അപേക്ഷകര്‍ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ പത്തിനകം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന്‍ മലപ്പുറം -676505 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ വഴിയോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921815254 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പി.എസ്.സി, യു.പി.എസ്.സി സൗജന്യ പരിശീലനം

കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ 2024 ജനുവരി ഒന്ന് മുതൽ ആരംഭിക്കുന്ന പി.എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് ഡിസംബർ ആറ് മുതൽ 20 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഡിസംബർ 24 ന്. ന്യൂനപക്ഷ വിഭാഗത്തിലെ പ്ലസ്‌ടു യോഗ്യതയുള്ള 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം. റെഗുലർ, ഹോളിഡേ ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകർ രണ്ട് ഫോട്ടോ, വിദ്യാഭ്യാസ രേഖകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഒറിജിനൽ ആധാർ കാർഡ്, രേഖകളുടെ ഒരു സെറ്റ് പകർപ്പ് എന്നിവ സഹിതം ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് 04942954380, 9747382154, 8714360186.

error: Content is protected !!