മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും അറിയിപ്പുകളും

ജില്ലാതല ബാങ്കിങ് അവലോക സമിതി യോഗം നാളെ

ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം നാളെ രാവിലെ 10 ന് മലപ്പുറം ഹോട്ടല്‍ മഹേന്ദ്രപുരിയില്‍ ചേരും.

—————–

യുവ കർഷക സംഗമം സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. 2024 ജനുവരി 6,7 തീയതികളിൽ ആലപ്പുഴ, കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചാണ് സംഗമം. 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവ കർഷകർക്കും കൃഷിയിൽ താല്പര്യമുള്ളവർക്കും പങ്കെടുക്കാം.

താൽപര്യമുള്ളവർ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ കേരള സംസ്ഥാന യുവജനകമ്മീഷൻ,വികാസ് ഭവൻ,തിരുവനന്തപുരം, പിൻ 695033

എന്ന വിലാസത്തിൽ തപാൽ മുഖേനയോ 2023 ഡിസംബർ 31 ന് മുൻപ് അപേക്ഷിക്കണം. ഫോണ്‍ – 0471 2308630.

—————–

ദര്‍ഘാസ് ക്ഷണിച്ചു

മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ഉടമകളില്‍നിന്ന് ദര്‍ഘാസ് ക്ഷണിച്ചു.

ദര്‍ഘാസുകള്‍ ടെന്‍ഡര്‍ ഫോര്‍ എം.ഒ.യു വര്‍ക്ക് പ്ലാന്‍ വെഹിക്കിള്‍ (2023-2024) എന്ന തലക്കെട്ടോടെ ഡിസംബര്‍ 28ന് ഉച്ചക്ക് 12 മണിക്ക് മുമ്പായി അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ , സിവില്‍ സ്റ്റേഷന്‍, മലപ്പുറം-676505 എന്ന വിലാസത്തില്‍ നിശ്ചിത മാതൃകയിലുള്ള എഗ്രിമെന്റും ഏതെങ്കിലും ദേശവല്‍കൃത ബാങ്കില്‍നിന്നും അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ പേരില്‍ മലപ്പുറം ജില്ലയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് /ചെക്ക് നിരതദ്രവ്യം സഹിതം സമര്‍പ്പിക്കണം. ദര്‍ഘാസ് ഫോറം ഡിസംബര്‍ 27ന് വൈകിട്ട് അഞ്ചുവരെ നല്‍കും. ഡിസംബര്‍ 28ന് ഉച്ചക്ക് 12 മണിവരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് മൂന്നുമണിക്ക് ശേഷം ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ 0483 2732121 എന്ന നമ്പറില്‍ ലഭിക്കും.

———

കൈത്തറി മേഖലയില്‍ ഉല്പാദന യൂണിറ്റുകള്‍: സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

തൊഴില്‍ രഹിതരായ അഭ്യസ്ഥവിദ്യര്‍ക്ക് കൈത്തറി മേഖലയില്‍ ഉല്പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള സര്‍ക്കാരിന്റെ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ വ്യവസായ കേന്ദ്രവും, കൈത്തറി ആന്റ് ടെക്‌സ്റ്റെയില്‍സ് വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പത്താം തരം വരെ പഠിച്ച കൈത്തറി നെയ്ത്തില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍, കൈത്തറി അല്ലെങ്കില്‍ ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രിയുള്ളവര്‍, കണ്ണൂര്‍ ഐ.ഐ.എച്ച്.ടിയുടെ ദ്വിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ ഡിപ്ലോമയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫാഷന്‍ ഡിസൈനിങില്‍ പോസ്റ്റ് ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം ഉള്ളവരെയും പരിഗണിക്കും. ഉല്പ്പാദനത്തിനും നൂതനമായ ഉല്‍പന്നങ്ങളുടെ രൂപകല്‍പനയ്ക്കുമുള്ള സൗകര്യങ്ങളുള്ള യൂണിറ്റ് സജ്ജീകരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സംരംഭകര്‍ക്ക് ഉണ്ടായിരിക്കണം. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പാട്ടക്കാലാവധി 15 വര്‍ഷത്തില്‍ കുറയാത്ത ഭൂമിയും പരിഗണിക്കും. ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലുള്ള ഡിഎ/ഡിപിയിലെ ഭൂമി, കിന്‍ഫ്ര/കെഎസ്‌ഐഡിസി, എംഐഇയിലെ ഭൂമി അല്ലെങ്കില്‍ ഷെഡ് എന്നിവയും പരിഗണിക്കും. വ്യക്തിഗത സംരംഭകര്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍, സ്റ്റാര്‍ട്ടപ്പ് യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് കൈത്തറി ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിനും മൂല്യവര്‍ദ്ധനയ്ക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. നെയ്ത്ത് ഏറ്റെടുക്കാത്ത യൂണിറ്റ് സാധുവായ ഉദ്യോഗ് ആധാറുള്ള ഒരു എം.എസ്.എം.ഇ ആയിരിക്കണം. സ്ഥിര മൂലധന നിക്ഷേപത്തിന്റെ 40 ശതമാനം 4,00,000 രൂപയും പ്രവര്‍ത്തന മൂലധന ആവശ്യകതയുടെ 30 ശതമാനം 1,50,000 രൂപയും ആയി പരിമിതപ്പെടുത്തിയാല്‍ സര്‍ക്കാര്‍ സഹായമായിരിക്കും. ബാക്കിയുള്ള ഫണ്ട് വാണിജ്യ ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയായി സംരംഭകര്‍ സ്വരൂപിക്കണം. അപേക്ഷകന്‍ പദ്ധതിച്ചെലവിന്റെ 10 ശതമാനമെങ്കിലും സ്വന്തം വിഹിതമായി സമാഹരിക്കണം. സ്‌കീമിന് കീഴിലുള്ള സഹായത്തിനുള്ള അപേക്ഷയും ആവശ്യമായ രേഖകളും പ്രോജക്ട് റിപ്പോര്‍ട്ടും സഹിതം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് ഡിസംബര്‍ 27 ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0483-2737405, 0483-2734812 എന്നീ നമ്പറുകളില്‍ ലഭിക്കും.

———

എ.സി മെക്കാനിക് കോഴ്‌സ്

നിലമ്പൂര്‍ ഐ.ടിഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് പ്ലേസ്‌മെന്റ് സഹായത്തോടുകൂടിയ തൊഴിലധിഷ്ഠിത എസി മെക്കാനിക് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍ 7510481819.

———–

സൗജന്യ മെഡിക്കൽ ക്യാമ്പ് 22ന്

സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 22ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ താനൂർ കോർമൻതല എ.എം.എൽ.പി സ്കൂളിലാണ് ക്യാമ്പ്. താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ധീൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി അലി അക്ബര്‍ അധ്യക്ഷത വഹിക്കും.

———-

മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് സ്പെഷ്യല്‍ റിവാര്‍ഡ്

സംസ്ഥാന ദേശീയതലത്തില്‍ കലാ, കായിക, അക്കാദമിക് രംഗങ്ങളില്‍ മികവ് തെളിയിച്ച കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗമായ തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന സ്‍പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 15 നകം മലപ്പുറം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0483 2734941, 9188519860.

———–

ക്വട്ടേഷന്‍ ക്ഷണിച്ചു

നിലമ്പൂര്‍ നഗരസഭാ ടൗണ്‍ഹാളില്‍വച്ച് അസാപ്പിന്റെ സഹകരണത്തോടെ ട്രൈബല്‍ മേഖലയില്‍ നിന്നും ഡ്രോപ്പ് ഔട്ടായ വിദ്യാര്‍ഥിനികള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന സ്‌കില്‍ ട്രെയ്നിങ്ങില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും സ്റ്റാഫിനും വേണ്ടി ഭക്ഷണം നല്‍കുന്നതിന് വേണ്ടി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 31 കുട്ടികളും നാല് സ്റ്റാഫുമടക്കം 35 പേര്‍ക്ക് 42 ദിവസം പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, വൈകുന്നേരം ചായയും ലഘുഭക്ഷണവും എന്നിവയാണ് നല്‍കേണ്ടത്. ക്വട്ടേഷന്‍ ഡിസംബര്‍ 26ന് ഉച്ചക്ക് രണ്ടുമണി വരെ സ്വീകരിക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് ബി.ബി.ബി.പി- സ്‌കില്‍ ട്രെയ്‌നിങ്-ഭക്ഷണം നല്‍കുന്നതിനുള്ള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തി ജില്ലാ വനിതാ ശിശുവികസന ഓഫീസ് മലപ്പുറം, ബി-2 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍ മലപ്പുറം എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വനിതാശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2950084

——-

കുടുംബശ്രീ ബഡ്സ്, ബി.ആർ.സി കായിക മേള നാളെ

കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബഡ്സ്, ബി.ആർ.സി കായിക മേള- സ്പ്രിന്റ് 2023 നാളെ മലപ്പുറം കൂട്ടിലങ്ങാടി എം.എസ്.പി മൈതാനത്ത് നടക്കും. മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് ജില്ലാ കളക്ടർ വി.ആർ.വിനോദ് നിർവഹിക്കും. ജില്ലയിലെ 63 ബഡ്സ് സ്ഥാപനങ്ങളിൽ നിന്നായി 500 ലേറെ വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും.

————–

യോഗം 22ന്

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള കമ്മിറ്റി

രൂപീകരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുടെ യോഗം 22ന് രാവിലെ പത്തുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേരുമെന്ന് ജില്ലാ ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.

ലാബ് ടെക്‌നീഷ്യൻ നിയമനം

ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത ഡി.എം.എല്‍.ടി, ബി.എസ്.സി എം.എല്‍.ടി, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അഭിമുഖം ഡിസംബര്‍ 28ന് രാവിലെ പത്തുമണിക്ക് ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 9446250324.

ഡോക്ടര്‍, നഴ്‌സ് നിയമനം

മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്-2 തസ്തികകളില്‍ നിയമനം. എം.ബി.ബി.എസ് ബിരുദം, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍/ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ ഡോക്ടര്‍ തസ്തികയിലേക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കോഴ്‌സ് വിജയം, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ നഴ്‌സ് തസ്തികയിലേക്കുമുള്ള യോഗ്യതയാണ്. അഭിമുഖം ഡിസംബര്‍ 26ന് ഉച്ചക്ക് രണ്ടുമണിക്ക് മക്കരപ്പറമ്പ് ആരോഗ്യ കേന്ദ്രത്തില്‍ നടക്കും.

error: Content is protected !!