Monday, August 18

പെൺകരുത്തിന്റെ ശോഭയിൽ കുടുംബശ്രീ; വനിതകൾക്ക് കരാട്ടെ പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കം

മലപ്പുറം : മെയ് കരുത്തിൽ തിളങ്ങാൻ ഒരുങ്ങി മലപ്പുറം ജില്ലയിലെ കുടുംബശ്രീ കുടുംബാംഗങ്ങൾ. സ്ത്രീകളിൽ സ്വയം സുരക്ഷയും ആത്മവിശ്വാസവും വളർത്താൻ കുടുംബശ്രീയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനുമായി (എസ്.കെ.എഫ്) ആരംഭിച്ച ‘ധീരം’ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. വനിതകളെ സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതിനോടൊപ്പം സംരംഭ മാതൃകയിൽ കരാട്ടെ പരിശീലന ഗ്രൂപ്പുകൾ രൂപീകരിച്ച് വനിതകൾക്ക് ഉപജീവന മാർഗമൊരുക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

‘ധീരം’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത രണ്ടു വനിതകൾക്ക് സംസ്ഥാനതലത്തിൽ 25 ദിവസത്തെ പരിശീലനം നൽകിയിരുന്നു. തുടർന്ന് നടക്കുന്ന രണ്ടാംഘട്ടം മാസ്റ്റർ പരിശീലകരുടെ നേതൃത്വത്തിലുള്ള പരിശീലന പരിപാടികളാണ് പുരോഗമിക്കുന്നത്.

ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത 33 പേർക്ക് ആനക്കയം പഞ്ചായത്തിലെ മണ്ണാത്തിപാറ, ശിശുവിഹാറിൽ പരിശീലന ക്ലാസ് നടന്നു വരുന്നു. ആഴ്ചയിൽ മൂന്നു മണിക്കൂർ നീളുന്ന ഒരു വർഷം ദൈർഘ്യമുള്ള കരാട്ടെ പരിശീലനമാണ് നൽകുന്നത്.

പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ സൂക്ഷ്മ സംരംഭ മാതൃകയിൽ കരാട്ടേ പരിശീലന സംഘങ്ങൾ ജില്ലയിൽ രൂപീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ജില്ലാതല പരിശീലകരുടെ സംരംഭക ഗ്രൂപ്പുകൾ ഉണ്ടാക്കുകയും സ്വയം പ്രതിരോധ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പ്, ബാലസഭ അംഗങ്ങൾ എന്നിവയ്ക്ക് സ്വയംപ്രതിരോധ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കും. സ്ത്രീകൾക്കും കുട്ടികൾക്കും

കരാട്ടെ പരിശീലനത്തിലൂടെ കായികവും മാനസികവുമായ ആരോഗ്യം സ്വായത്തമാക്കുന്നതിനൊപ്പം ആത്മവിശ്വാസം വളർത്തുകയും സമൂഹത്തിൽ നിലവിലുള്ള അതിക്രമങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

error: Content is protected !!