
കോട്ടക്കല്‍ : കോട്ടക്കലില്‍ മുസ്ലിം ലീഗില്‍ സമവായമായി. സിപിഎം പിന്തുണയോടെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായ മുഹ്‌സിന പൂവന്‍മഠത്തിലും വൈസ് ചെയര്‍മാന്‍ പിപി ഉമ്മറും രാജിവെക്കുമെന്ന് വ്യക്തമാക്കി. മുസ്ലീം ലീഗിനുള്ളില്‍ സമവായമായതോടെയാണ് ഇരുവരും രാജിക്ക് സന്നദ്ധരായത്. അതോടൊപ്പം നിലവിലുള്ള വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ഡോ. ഹനീഷയൊഴികെയുള്ള മുഴുവന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും രാജിവെക്കും. മുസ്ലിംലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി പിരിച്ച് വിട്ട് അബ്ദുറഹ്‌മാന്‍ രണ്ടത്താണി കണ്‍വീനറായും ഇസ്മയില്‍ പി മൂത്തേടം, എം.എ. ഖാദര്‍, കെ.എം. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നതായും മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
കോട്ടക്കലില്‍ മുസ്ലിം ലീഗിലെ വിഭാഗീയത നഗരസഭ ഭരണം നഷ്ടപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ജില്ല നേതൃത്വം ഇടപെട്ടത്. സിപിഎം കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ മുസ്ലിം ലീഗ് വിമതര്‍ കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ ഭരണം പിടിച്ചതോടെയാണിത്. നഗരസഭയിലെ നേതൃമാറ്റ സമയത്ത് ഏകപക്ഷീയമായി അധ്യക്ഷ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതാണ് ഒരുവിഭാഗം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് 9 സിപിഎം കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ ലീഗ് വിമതര്‍ ഭരണം പിടിക്കുകയായിരുന്നു. നേതൃത്വത്തിന്റെ ഏകാധിപത്യ നിലപാടിനോടാണ് എതിര്‍പ്പെന്നും നടപടിയില്‍ ഭയമില്ലെന്നും വിമത കൗണ്‍സിലര്‍മാര്‍ ആവര്‍ത്തിച്ചു. വിമതര്‍ നിലപാട് മാറ്റുന്നതോടെ ഭരണചക്രം കുറച്ച് ദിവസം കൈപ്പിടിയിലാക്കിയ സിപിഎമ്മിന് തിരിച്ചടിയാവും.
ഏറെക്കാലമായി കടുത്ത വിഭാഗീയതയാണ് കോട്ടക്കലിലെ മുസ്ലീം ലീഗിനുള്ളില്‍ ഉണ്ടായിരുന്നത്. നഗരസഭാ ഭരണം നഷ്ടപ്പെടുന്നതിലേക്ക് പാര്‍ട്ടിക്കുള്ളിലെ ഭിന്നത എത്തിച്ചേര്‍ന്നു. ഇതോടെയാണ് പാര്‍ട്ടി ജില്ലാ നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടത്. ശക്തമായ നിലപാട് പാര്‍ട്ടി കൈക്കൊണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നത്.
നേരത്തെ നഗരസഭയിലെ അധ്യക്ഷയെ ഏകപക്ഷീയമായി തീരുമാനിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ വഷളായത്. ഇതോടെ ഒമ്പത് സിപിഎം അംഗങ്ങളുടെ പിന്തുണയോടെ ലീഗിനുള്ളിലെ വിമതര്‍ നഗസഭാ ഭരണനേതൃത്വത്തിലേക്ക് എത്തുകയായിരുന്നു.