
സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ മരിച്ചു. പാലക്കാട് സ്വദേശി രാജേന്ദ്രന്‍ (50) ആണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തുരത്തുനിന്നു മലപ്പുറത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് എതിരെ വന്ന പിക്ക്അപ്പ് വാനില്‍ ഇടിച്ചായിരുന്നു അപകടം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പിക്ക്അപ്പ് വാനിനുള്ളില്‍ ഡ്രൈവര്‍ കുടുങ്ങി. പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് ഇയാളെ പുറത്തെടുത്തത്.
അപകടം നടന്ന ഉടനെ വാന്‍ ഡ്രൈവറെ പുറത്തെടുക്കാനായിരുന്നില്ല. ഡ്രൈവിങ് സീറ്റില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ രണ്ടു മണിക്കൂറിനുശേഷമാണു വാഹനം വെട്ടിപ്പൊളിച്ചു പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴോടെയാണ് മരണം. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.