ജില്ലാ പഞ്ചായത്തിന് ചരിത്ര നേട്ടം ; പദ്ധതി നിർവഹണത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിനും ജില്ലക്കും സംസ്ഥാനത്ത് ഒന്നാം സ്ഥാനം

മലപ്പുറം : 2024-25 വാർഷിക പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതി തുക ചിലവഴിച്ചതിന്റെ ചരിതാർഥ്യത്തിൽ മലപ്പുറം ജില്ലയും ജില്ലാ പഞ്ചായത്തും. ഇക്കഴിഞ്ഞ മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ മൊത്തത്തിൽ 94.72 ശതമാനം തുക ചെലവഴിച്ച് മലപ്പുറം ജില്ലയും 99.26 ശതമാനം തുക ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തും സംസ്ഥാനത്ത് ഒന്നാമതെത്തി. മുൻ വർഷത്തെ കണക്കെടുത്താൽ പദ്ധതി പ്രവർത്തനങ്ങളിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ബഹുദൂരം മുന്നിലാണ്.

ജില്ലാ പഞ്ചായത്തുകളിൽ 99 ശതമാനത്തിന് മുകളിൽ പദ്ധതി ചെലവ് കൈവരിച്ചു കൊണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മികച്ച മുന്നേറ്റമാണ് നടത്തിയത്. 1996-97 സാമ്പത്തിക വർഷത്തിന് ശേഷം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി ചെലവ് കൈവരിച്ചാണ് ഈ വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വികസന ഫണ്ടും പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗം ഫണ്ടും 14-ാം ധന കാര്യ കമ്മീഷൻ അവാർഡ് തുകയും എല്ലാം ഒരു പോലെ കാര്യക്ഷമമായി വിനിയോഗിച്ചു. റോഡ് ഇനത്തിലും റോഡിതര വിഭാഗത്തിലുമുള്ള മെയിന്റനൻസ് ഗ്രാന്റ് പൂർണ്ണമായും ചിലവഴിച്ചു. സർക്കാരിന്റെ ട്രെഷറി നിയന്ത്രണങ്ങളും വിവിധ സാങ്കേതിക തടസ്സങ്ങളുമെല്ലാം മറി കടന്ന് ഇത്രയും തുക ചെലവഴിക്കാൻ കഴിഞ്ഞത് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ചരിത്രത്തിൽ തന്നെ ജില്ല കൈവരിച്ച വലിയ റെക്കോർഡാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ജില്ലയും ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതുമായ മലപ്പുറത്ത് പദ്ധതി ചെലവുകൾ കാര്യക്ഷമമായും സമയ ബന്ധിതമായും നടത്താൻ കഴിഞ്ഞത് ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെയും മികച്ച ഇടപെടലുകളുടെയും ഫലമാണ്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷയായ ജില്ലാ ആസൂത്രണ സമിതി ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി പ്രവർത്തനങ്ങളിൽ കൃത്യമായ മോണിറ്ററിങ്ങാണ് നടത്തിയിരുന്നത്. പദ്ധതി രൂപീകരണം മുതൽ നിർവഹണം പൂർത്തീകരിക്കുന്നത് വരെ നിരന്തരമായ റിവ്യൂ മീറ്റിംഗു കളിലൂടെ ആവശ്യമായ മാർഗ നിർദ്ദേശങ്ങളും പിന്തുണയും നൽകി.

ജില്ലാ പഞ്ചായത്തുകളിൽ പൊതു വിഭാഗം സാധാരണ വിഹിതത്തിൽ 96.48 ശതമാനമാണു മലപ്പുറം ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. പൊതു വിഭാഗം ഫണ്ടിൽ ആകെ ലഭിച്ച 54,91,54,533 രൂപയിൽ 52, 98,22,948 രൂപയും ജില്ലാ പഞ്ചായത്ത്‌ വിനിയോഗിച്ചു. എസ്.സി.പി വിഭാഗത്തിൽ ആകെ ലഭിച്ച 23,26,82,000 രൂപയിൽ 21,91,52,409 രൂപയും (94.18%) ടി.എസ്.പി വിഭാഗത്തിൽ ആകെയുള്ള 18,55,3467 രൂപയിൽ 18,53,7609 രൂപയും (99.91%) ധന കാര്യ കമ്മീഷൻ ടൈഡ് ഗ്രാന്റിൽ ആകെയുള്ള 13,90,00000 രൂപയിൽ സ്പിൽ ഓവർ ഉൾപ്പെടെ 16,11,22150 രൂപ യും (115.91%), ബേസിക് ഗ്രാന്റിൽ ലഭിച്ച 9,26,67000 രൂപയിൽ സ്പിൽ ഓവർ അടക്കം 9,58,05757 രൂപ യും (103.38%) മെയിന്റെനൻസ് ഗ്രാന്റ് റോഡ് 9,22,90000, നോൺ റോഡ് 36,85,37000 നൂറു ശതമാനം എന്നിങ്ങനെ ആകെ 99.262 % ചെലവഴിച്ചാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി ചെലവ് എന്ന നേട്ടം കൈ വരിച്ചത്.

2024-25 സാമ്പത്തിക വർഷത്തിൽ ആകെ ലഭിച്ച 103,20,57000 രൂപയിൽ 102,44,40867 രൂപയുടെ വിനിയോഗമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പൂർത്തീകരിച്ചത്. 97.69 ശതമാനം ചിലവഴിച്ച കാസർകോട് ജില്ലാ പഞ്ചായത്തും 95.11ശതമാനം ചിലവഴിച്ച കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. ജില്ലാ തലത്തിൽ 93.5 ശതമാനം ചിലവഴിച്ച ആലപ്പുഴ ജില്ലയും 90.5 ശതമാനം ചിലവഴിച്ച കാസർഗോഡ് ജില്ലയുമാണ് മലപ്പുറം ജില്ലക്ക് പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ 110.88 ശതമാനം തുക ചെലവഴിച്ച താനൂർ മുനിസിപ്പാലിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 110.14 ശതമാനം ചെലവഴിച്ച മഞ്ചേരി മുനിസിപ്പാലിറ്റിക്കാണ് ജില്ലയിൽ രണ്ടാം സ്ഥാനം. സംസ്ഥാന തലത്തിൽ ഇവർക്ക് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളാണുള്ളത്.

ബ്ലോക്ക് പഞ്ചായത്തുകളിൽ 103.90ശതമാനം ചിലവഴിച്ച വണ്ടൂർ ബ്ലോക്ക്‌ പഞ്ചായത്തിനാണ് ജില്ലയിൽ ഒന്നാം സ്ഥാനം. 103.32 ശതമാനവുമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും 101.97 ശതമാനവുമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഗ്രാമ പഞ്ചായത്തുകളിൽ 110.24 ശതമാനം പദ്ധതി ചെലവുമായി മംഗലം ഗ്രാമ പഞ്ചായത്ത്‌ ജില്ലയിൽ ഒന്നാമതെത്തി.

സർക്കാരിന്റെ ട്രെഷറി നിയന്ത്രണങ്ങളും സാങ്കേതിക തടസ്സങ്ങളും ഇല്ലായിരുന്നെങ്കിൽ ജില്ലയുടെ വിനിയോഗ ശതമാനം ഇനിയും കൂടുമായിരുന്നുവെന്ന് ഡി.പി.സി ചെയൂർപേഴ്സൺ എം.കെ.റഫീഖ പറഞ്ഞു. ജൽ ജീവൻ മിഷൻ പദ്ധതികൾ പൂർത്തീകരിച്ചത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അനുമതി ഇല്ലാതെ റോഡ് നവീകരണ പ്രവർത്തികൾ ഏറ്റെടുക്കാൻ പാടില്ലന്ന സർക്കാർ മാർഗ നിർദ്ദേശത്തെ തുടർന്ന് റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് മാസങ്ങളുടെ കാല താമസമാണ് വന്നത്. എന്നിട്ടും പദ്ധതി ചെലവുകൾ നൂറു ശതമാനത്തിലെത്തിക്കാൻ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു.

സർക്കാർ മാർഗ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികത്വങ്ങളും ട്രെഷറി നിയന്ത്രണങ്ങളുമെല്ലാം ഉണ്ടായിട്ടും ഇത്രയും വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് നിർവഹണ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ്. പദ്ധതി പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും നിർവഹണ ഉദ്യോഗസ്ഥരെയും ഡി.പി.ഒ ഉൾപ്പെടെയുള്ള ജില്ലാ ആസൂത്രണ സമിതി ഉദ്യോഗസ്ഥരെയും ഡി.പി.സി അധ്യക്ഷ കൂടിയായിട്ടുള്ള ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ.റഫീഖ അഭിനന്ദിച്ചു.

error: Content is protected !!