
മലയാളികളെ മലയാളികളെ മൂന്ന് പതിറ്റാണ്ടിലേറെയായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടൻ സലിം കുമാർ വിടവാങ്ങി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയില്‍ വെന്റിലേറ്റരില്‍ ചികിത്സയിലായിരുന്നു.
ശനിയാഴ്‌ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.
കരള്‍ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിംകുമാർ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കരള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
അസുഖബാധിതനായിരുന്നെങ്കിലും അടുത്ത ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ സലിംകുമാർ പങ്കെടുത്തിരുന്നു.
ഹാസ്യനടൻ എന്ന വിശേഷണത്തിനപ്പുറം, പ്രേക്ഷകരുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവൻ നല്‍കിയ അഭിനേതാവ് കൂടിയാണ് അദ്ദേഹം. അഭിനയം കൊണ്ട് എല്ലാ തലമുറയിൽ പെട്ടവർക്കും പരിചിതനായ നടൻ ആയിരുന്നു സലിം കുമാർ. സോഷ്യൽ മീഡിയ കാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഉണ്ടാക്കിയത് സലിം കുമാറിനെ ഉപയോഗപ്പെടുത്തിയായിരുന്നു.
വെള്ളിത്തിരയിലെ പ്രകടനങ്ങള്‍ പോലെ തന്നെ ജീവിതത്തിലും തന്റെ വ്യക്തിത്വം കൊണ്ടും വ്യത്യസ്തനായിരുന്നു സലിം കുമാർ.
അദ്ദേഹത്തിന്റെ പേരിന് പിന്നിലും ഒരു കൗതുകകരമായ കഥയുണ്ട്. സാമൂഹ്യപരിഷ്‌കർത്താവായ സഹോദരൻ അയ്യപ്പന്റെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന അച്ഛൻ ഗംഗാധരൻ, ജാതിയോ മതമോ തിരിച്ചറിയാൻ കഴിയാത്ത ഒരു പേര് മകന് നല്‍കണമെന്ന ആഗ്രഹത്തിലാണ് ‘സലിം’ എന്ന പേര് തെരഞ്ഞെടുത്തത്. കോൺഗ്രസ് പ്രവർത്തകനായ ഇദ്ദേഹം തൻ്റെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തന്നെ പറഞ്ഞിരുന്നു. ഇത് അദ്ദേഹത്തിന് വിമർശകരെയും ഉണ്ടാക്കിയിരുന്നു.
പിന്നീട് സ്‌കൂള്‍ വിദ്യാഭ്യാസ സമയത്ത് ഉണ്ടായ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനായി ‘കുമാർ’ കൂടി ചേർക്കുകയായിരുന്നു.
1969 ഒക്ടോബർ 9-ന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരില്‍ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ മകനായാണ് സലിം കുമാറിന്റെ ജനനം. മാല്യങ്കര എസ്.എൻ.എം. കോളേജിലും പിന്നീട് മഹാരാജാസ് കോളേജിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.
മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരുപാട് നല്ല നല്ല കഥാപാത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. 320 ലേറെ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. ദേശീയ, സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ കഥാകൃത്തും സംവിധായകനും ആയിരുന്നു. നല്ലൊരു പ്രഭാഷകൻ കൂടിയായിരുന്നു. ഇദ്ദേഹം സംവിധാനം ചെയ്ത സിനിമക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. പുസ്തകവും എഴുതിയിട്ടുണ്ട്.
മിമിക്രിയിലൂടെ കടന്ന് വന്ന് ടെലിവിഷൻ പരിപാടികളിലൂടെ സ്ക്രീനിലേക്ക് എത്തിയ സലീമിനെ കാണാത്ത ഒരു ദിവസം പോലും മലയാളിക്കുണ്ടായിട്ടില്ല.
ഇപ്പോള്‍ കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരം എട്ട് മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. രാവിലെ ഒൻപത് മണിക്ക് പറവൂർ ടൗണ്‍ ഹാളില്‍ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം പറവൂരിലെ വീട്ടില്‍ പിന്നീട് വൈകീട്ടോടെ വീട്ടു വളപ്പില്‍ തന്നെ സംസ്കാരവും നടക്കും. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കികൊണ്ടുവേണം സംസ്‌കാരമെന്ന് സലീം കുമാര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അസ്ഥി പുഴയില്‍ ഒഴുക്കേണ്ടതില്ലെന്ന ആഗ്രഹം മരിക്കും മുന്‍പ് സലീം കുമാര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.
സലിം കുമാറിൻ്റെ മരണത്തിൽ സിനിമ നടന്മാരും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും അനുശോചിച്ചു..