Saturday, June 6

പത്മശ്രീ റാബിയക്ക് സ്മാരകം: ഭൂമി കണ്ടെത്തി നൽകാൻ ശ്രമിക്കും. മന്ത്രി അനിൽ കുമാർ

തിരൂരങ്ങാടി: സാക്ഷരതാ രംഗത്തും ഭിന്നശേഷി ശാക്തീകരണ രംഗത്തും സ്ത്രീ ശാക്തീകരണ മേഖലയിലും ചെയ്ത സ്തുഥ്യർഹ സേവനങ്ങൾക്ക് യുനെസ്കോ പുരസ്കാരവും പത്മശ്രീ യുമുൾപ്പെടെ ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ അന്തരിച്ച പത്മശ്രീ കെ.വി. റാബിയക്ക് ജൻമനാട്ടിൽ ഉചിതമായ സ്മാരകം ഉണ്ടാക്കുന്നതിന് അനുയോജ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി.അനിൽ കുമാർ പറഞ്ഞു.
കെ.വി. റാബിയക്ക് സ്മാരകം നിർമ്മിക്കുന്നതിനാവാശ്യമായ സർക്കാർ ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറയുടെ നേത്രത്വത്തിലുള്ള നിവേദക സംഘത്തോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് .
പത്മശ്രീ കെ.വി. റാബിയ വിട പറഞ്ഞിട്ട് മെയ് 4 ന് ഒരു വർഷം പിന്നിട്ടു. റാബിയയുടെ പേരിൽ പഠന-ഗവേഷണത്തിന് ഉപകരിക്കുന്ന രീതിയിലുള്ള ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മ നേരത്തെ നൽകിയ നിവേദനത്തെ തുടർന്ന് സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ റാബിയയുടെ വീടും തിരൂരങ്ങാടി, ചെമ്മാട് ഭാഗങ്ങളിലെ ചില സ്ഥലങ്ങൾ പരിശോധിക്കുകയും തിരൂരങ്ങാടി തഹസിൽദാർ ഉൾപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടി കാഴ്ച നടത്തുകയും ചെയ്തിരുന്നു. അനുയോജ്യമായ ഭൂമി ലഭിച്ചാൽ സ്മാരകം നിർമ്മിക്കാൻ സാമൂഹ്യ നീതി വകുപ്പ് തയ്യാറാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അധീനതയിലുള്ള ഏതെങ്കിലും റവന്യൂ ഭൂമി ലഭിക്കുന്നതിന് വേണ്ടി സിഗ്നേച്ചർ ഭിന്ന ശേഷി ശാക്തീകരണ വേദി റവന്യൂ വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്. പി.ടി. സുനിത, പി.കെ. സൈനബ, അമ്പിളി വേങ്ങര, വനജ, ബിനു ജയിംസ് എന്നിവരും സംബന്ധിച്ചു.

error: Content is protected !!