തിരൂരങ്ങാടി : തേഞ്ഞിപ്പലത്ത് ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍. തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പുറം സ്വദേശി കീപിടീരി വീട്ടില്‍ അലവിക്കുട്ടിയുടെ മകന്‍ സമദ് (52) ആണ് പിടിയിലായത്. 1.100 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ വീട്ടില്‍ നിന്നും എക്‌സൈസ് കണ്ടെടുത്തത്.
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മധുസൂദനന്‍ പിള്ളക്ക് സ്റ്റേറ്റ് കമ്മീഷണര്‍ സ്‌കോട് നല്‍കിയ രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. . ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇയാള്‍ വീട്ടില്‍ നിന്നും പിടിയിലാകുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ പരിശോധന തുടരുന്നതാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
കമ്മീഷണര്‍ സ്‌കോട് അംഗങ്ങളായ എക്‌സൈസ് പ്രിവെന്റിവ് ഓഫീസര്‍ എസ് ജി സുനില്‍, മുഹമ്മദലി, രാജീവ് കുമാര്‍ തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റിവ് ഓഫീസര്‍മാരായ ജ്യോതിഷ്ചന്ദ്, പ്രഗേഷ്, പ്രമോദ് ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ധീന്‍, ദിദിന്‍, എക്‌സൈസ് ഡ്രൈവര്‍ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.