താനൂർ : നവകേരള സദസ്സിൻ്റെ ഭാഗമായി താനൂർ നിയോജക മണ്ഡലത്തിലെ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും യോഗം ചേർന്നു. ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം കായിക മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താഴെതട്ടിലേക്ക് എത്തിക്കുന്നതിനുള്ള തീരുമാനങ്ങൾ യോഗം ചർച്ച ചെയ്തു.
വിദ്യാർത്ഥികൾ, യുവജനങ്ങൾ, സ്ത്രീകൾ കർഷകർ, സംസ്കാരിക പ്രവർത്തകർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ച് ചേർക്കുന്ന സദസ്സ് വിജയകരമാക്കാൻ എല്ലാ വകുപ്പിൽ നിന്നും പൂർണ പിന്തുണ ഉണ്ടാകണം എന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം വിവിധ സബ് കമ്മിറ്റികളുടെ യോഗവും നടന്നു.
നവകേരള സദസ്സിന്റെ ഭാഗമായി താനൂർ ഉണ്യാൽ ഫിഷറിസ് ഗ്രാണ്ടിൽ നവംബർ 20 മുതൽ 27 വരെ കലാപരിപാടികൾ ഉൾപ്പെടെ വിവിധ പരിപാടികൾ നടത്തും. നവംബർ 20 മുതൽ വിവിധ കലാപരിപാടികളും നവംബർ 27 ന് വൈകീട്ട് അറിന് നവകേരള സദസ്സുമായാണ് നടത്തുക. സദസ്സിനു വേണ്ടിയുള്ള പ്രചരണ പ്രവർത്തങ്ങളും ഒരുക്കങ്ങളും വേഗത്തിൽ ആക്കാനും യോഗം തീരുമാനിച്ചു.
താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയരക്ടർ പ്രീതി മേനോൻ സ്വാഗതം പറഞ്ഞു. താനൂർ എഇഒ പി.വി ശ്രീജ, താനൂർ ഡിവൈഎസ്പി വി.വി ബെന്നി, തിരൂർ ജോയിൻ്റ് ആർടിഒ ശങ്കരപ്പിള്ള, കെ ജനാർദ്ദനൻ, ജോയിൻ്റ് ഡയറക്റ്റർ സഹദേവൻ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.